ബംഗളൂരു: അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല്‍ ലാബിലേക്ക് അയക്കണം. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ പറഞ്ഞു.
അതേസമയം, ഷിരൂര്‍ തെരച്ചിലിന്റെ മൂന്നാം ഘട്ടത്തില്‍ അടിമുടി ആശയക്കുഴപ്പമാണ്. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാളെ മുതല്‍ ഉള്ള തെരച്ചിലില്‍ നാവികസേന ഉള്‍പ്പടെ ഭാഗമാകും എന്നും ജില്ലാ കലക്ടറും സ്ഥലം എംഎല്‍എയും പറഞ്ഞു.
മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലില്‍ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര്‍ തടഞ്ഞു. പിന്നീട് ഇത് ഒരു തര്‍ക്കമായി. പിന്നീട് ഈശ്വര്‍ മാല്‍പെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്.
അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങള്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മല്‍പെ പിണങ്ങി ഇറങ്ങിപ്പോയത്. തന്നോട് ഹീറോ ആകരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും താനിവിടെ തെരച്ചിലിനാണ് വന്നതെന്നും ഇങ്ങനെ പഴികേട്ട് തെരച്ചില്‍ നടത്തുന്നില്ലെന്നും അര്‍ജുന്റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
70 1 minute read