BREAKINGKERALA
Trending

ഷിരൂര്‍ തെരച്ചിലിന് വീണ്ടും വെല്ലുവിളി; അടുത്ത 3 ദിവസം ഉത്തര കന്നഡയില്‍ കനത്ത മഴ മുന്നറിയിപ്പ്, ഡ്രഡ്ജിങിന് തടസം

ബെംഗളൂരു: ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാകുന്നു. ഉത്തര കന്നഡ ജില്ലയില്‍ അടുത്ത മൂന്നു ദിവസം കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചില്‍ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാല്‍ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.
ഡ്രഡ്ജര്‍ കമ്പനിയുട ഡൈവര്‍മാരും നാവികേസനയുടെ ഡൈവര്‍മാരും പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുന്നതും മഴയെ തുടര്‍ന്ന് തടസപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഡ്രഡ്ജിങ് കമ്പനിക്ക് പുറമെ നാവിക സേനയുടം സ്ഥലത്തെത്തിയിട്ടുണ്ട്. നാവിക സേന നടത്തിയ തെരച്ചിലില്‍ ടവറിന്റെ ഭാഗം പുഴയില്‍ നിന്ന് എടുത്തു. മണ്ണിടിച്ചിലില്‍ ഇലക്ട്രിക് ടവര്‍ പൊട്ടി വീണിരുന്നു. ഇതിന്റെ ഭാഗമാണ് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്തത്. നിലവില്‍ നാവിക സേനയും ഡ്രഡ്ജിങ് കമ്പനിയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
അതേസമയം, ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയില്‍ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്എല്‍ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കില്‍ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കില്‍ ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

Related Articles

Back to top button