NEWSKERALA

ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കുക.

ഗംഗാവലി പുഴയിലെ വേലിയിറക്ക സമയത്ത് കൂടുതൽ ഡ്രഡ്ജിങ് ക്രമീകരിക്കും. ഷിരൂരിൽ നിലവിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണുള്ളത്. അർജുന്റെ സഹോദരി അഞ്ജു ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ അവസാന ശ്രമമാണെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉത്തര കന്നഡ കളക്ടർ പറഞ്ഞു. ആവശ്യമെങ്കിൽ ഡ്രഡ്ജിങ് 10 ദിവസം വരെ നീട്ടും. ദൗത്യം ഫലം കാണാൻ പരാമാവധി ശ്രമം നടത്തുമെന്നും ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു.

മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജർ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വർ മൽപ്പെയും പരിശോധനയ്‌ക്കെത്തിയിരുന്നു. ഓ​ഗസ്റ്റ് 16നാണ് ഷിരൂരിലെ തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button