BREAKINGINTERNATIONAL

ഷെയ്ഖ് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നല്‍കിയതായി സൂചന; ’45 മിനിറ്റിനുള്ളില്‍ രാജിവെക്കണം’

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. നേരത്തെ, പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നും പറഞ്ഞിരുന്നു.
സൈന്യത്തിന്റെ ജനറല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലാണ് സൈന്യം. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.
ധാക്കയിലെ മെഡിക്കല്‍ കോളേജും ആക്രമണത്തിനിരയായി. അവാമിലീഗ് പാര്‍ട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകര്‍ത്തു. പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.
‘സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍’ എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. ഫാക്ടറികളും പൊതുഗതാഗതവും നിര്‍ത്തിവെക്കാനും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ജോലിയില്‍ നല്‍കുന്ന സംവരണത്തിനെതിരേ ജൂലായില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 200- ഓളംപേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button