BREAKINGKERALA

സംഘാടകര്‍ അറിയിച്ച സമയത്തുതന്നെ എത്തി, ന്യായമായ കാര്യങ്ങള്‍ പറഞ്ഞാല്‍ ഉള്‍ക്കൊള്ളും- മലപ്പുറം എസ്.പി

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയ പരിപാടിയുടെ മുഖ്യപ്രസംഗകനായിരുന്ന ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ ഒറ്റവാക്യത്തില്‍ സമ്മേളനത്തിന് ആശംസ അറിയിച്ച് വേദിവിട്ടു. എം.എല്‍.എ.യുടെ പ്രസംഗം കഴിഞ്ഞതിനുശേഷമായിരുന്നു എസ്.പി.യുടെ മുഖ്യപ്രഭാഷണം. ‘ഞാന്‍ അല്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡില്‍ അല്ല. ഈ ചടങ്ങിന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നു’. ഇത്രമാത്രമാണ് ജില്ലാ പോലീസ് മേധാവി പ്രസംഗിച്ചത്.
10.30ന് എത്താനാണ് സംഘാടകകര്‍ അറിയിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു. അതനുസരിച്ച് 10.25-ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി. കമ്യൂണിറ്റി ഹാളിലെത്തി. എല്ലാ പരിപാടികള്‍ക്കും ഒരു മിനിറ്റുപോലും വൈകാതെ കൃത്യനിഷ്ഠ പാലിക്കുന്നയാളാണ് താന്‍ എന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാം.എം.എല്‍.എ. പരാമര്‍ശിച്ച കേസ് താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിനു മുന്‍പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും.
ന്യായമായ കാര്യത്തിന് ആര് എന്തുപറഞ്ഞാലും പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളും. എനിക്കു ബോധ്യമില്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി ഉന്നയിച്ചാല്‍ ബാധിക്കില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനാവശ്യസമ്മര്‍ദങ്ങള്‍ ഏര്‍പ്പെടുത്തുക, വേണ്ടാത്ത ടാര്‍ഗറ്റ് കൊടുത്ത് ബുദ്ധിമുട്ടിക്കുക തുടങ്ങിയവയൊന്നും ഇതുവരെ ചെയ്തിട്ടില്ല. കാര്യങ്ങള്‍ ചിട്ടയായി നടന്നുപോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത് -പോലീസ് മേധാവി പറഞ്ഞു.
പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനവേദിയിലാണ് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് എം.എല്‍.എ.യുടെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ. യോഗത്തിന്റെ ഉദ്ഘാടകനായിരുന്നു. മുഖ്യപ്രാസംഗികനായ ജില്ലാ പോലീസ് മേധാവിയെ കാത്തിരിക്കേണ്ടിവന്നതും എം.എല്‍.എ.യെ ചൊടിപ്പിച്ചു. പോലീസിലെ ഉന്നതരെ കുറ്റപ്പെടുത്തിയും സാധാരണ പോലീസുകാരെ പ്രശംസിച്ചുമായിരുന്നു എം.എല്‍.എ.യുടെ പ്രസംഗം.
ഒരു വിഭാഗം ഐ.പി.എസ്. ഓഫീസര്‍മാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞാണ് എം.എല്‍.എ. പ്രസംഗം തുടങ്ങിയത്. ”കഞ്ചാവ് കച്ചവടക്കാരുമായി ചേര്‍ന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ചില പുഴുക്കുത്തുകള്‍ ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. കഷ്ടപ്പെട്ട് ഇതരസംസ്ഥാനങ്ങളില്‍പ്പോയി പ്രതികളെ പിടിച്ചുകൊണ്ടുവരുന്ന സാധാരണ പോലീസുകാര്‍ക്ക് ഒരു പേരും കിട്ടുന്നില്ല. പോലീസിലെ ഉന്നതര്‍ക്ക് മാനുഷികമായ മാറ്റം ഉണ്ടായേതീരൂ” -എം.എല്‍.എ. പറഞ്ഞു.
”എസ്.പി. കുറേ സിംകാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. എന്റെ പാര്‍ക്കിലെ രണ്ടായിരത്തിലേറെ കിലോ ഭാരംവരുന്ന റോപ്പ് മോഷണംപോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായില്ല. വിഷയം തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിക്കും. നമ്മുടെ പത്തുലക്ഷത്തിന്റെ മുതലിനെക്കുറിച്ച് ഒരു വിവരവുമില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനല്ലേ, എന്റെ വീട്ടിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട്, എന്നെ വിളിച്ചിട്ട് എന്താണ് പറയേണ്ടത്?” -അദ്ദേഹം ചോദിച്ചു.
എസ്.പി. വരാന്‍ വൈകിയതിനെയും അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. ”പത്തുമണിക്കാണ് അസോസിയേഷന്റെ സമ്മേളനം പറഞ്ഞത്. ഞാന്‍ 9.50-ന് മലപ്പുറത്ത് എത്തി. ഞാന്‍ രാവിലെ ആദ്യം ആരംഭിക്കുന്ന ഒരു പരിപാടിയും ഒരുമിനിറ്റ് പോലും വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാല്‍ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ കുറച്ചുനേരം കൂടി കാത്തിരിക്കണം, ആളെത്തിയിട്ടില്ല എന്നാണ്.
ഒരു ചായയല്ലേ രാവിലെ കുടിക്കാന്‍ പറ്റൂ. ഞാന്‍ മലപ്പുറത്തുവന്ന് രണ്ടു ചായ കുടിച്ചു. 10.20-നാണ് ഇവിടെ വന്നത്. 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം തിരക്കു പിടിച്ച ഓഫീസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല”- പി.വി. അന്‍വര്‍ പറഞ്ഞു.

Related Articles

Back to top button