BUSINESSBUSINESS NEWSEDUCATION

സംരംഭക വഴിയില്‍ പുതുരീതികളുമായി തൊമ്മനും മക്കളും

സി.വി.ഷിബു
പഠിപ്പിക്കുന്ന അധ്യാപികയെ ക്ലാസ്സ് മുറിയില്‍ വച്ച് പരസ്യമായി ചേച്ചീന്ന് വിളിക്കുക.പ്രിന്‍സിപ്പളിനെ ചേട്ടാന്നും. അതിലും കേള്‍ക്കാന്‍ ബഹുരസം ,കോടികള്‍ മുടക്കി കോളേജുണ്ടാക്കിയ ചെയര്‍മാന്‍ ക്യാമ്പസില്‍ കയറിയാല്‍ പിന്നില്‍ നിന്ന് തൊമ്മാ എന്നുള്ള വിളി കേള്‍ക്കാനാണ്. സദാ സമയം ഹാപ്പിയായ തൊമ്മനും മക്കളും. ഇതൊരു സിനിമാക്കഥയല്ല. സിനിമയെ വെല്ലുന്ന ത്രില്‍ സമ്മാനിക്കുന്ന കോളേജ് ക്യാമ്പസാണ്. റാഗിംഗ് മുതല്‍ ഗുണ്ടായിസം വരെ നടക്കുന്ന കോളേജ് ക്യാമ്പസുകളെ തിരുത്തുന്ന സിനിമാ സ്‌റ്റൈല്‍ കഥാപാത്രങ്ങളും വേഷങ്ങളുമുള്ള ഈ ക്യാമ്പസ് മറ്റെവിടെയുമല്ല, നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ .പാലക്കാട് ധോണിയിലുള്ള ലീഡ് കോളേജ് ഓഫ് മാനേജ് മെന്റ് എന്ന എം.ബി.എ. കോളേജിനെക്കുറിച്ചറിഞ്ഞാല്‍ ഏത് വിദ്യാര്‍ത്ഥിയും ഒന്ന് കൊതിച്ചു പോകും അവിടെയൊന്ന് എത്താന്‍ . അത്ര സ്വാതന്ത്ര്യവും സന്തോഷവുമാണ് ഈ ക്യാമ്പസില്‍ .പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ നിയന്ത്രിക്കുന്ന ഈ സ്ഥാപനത്തില്‍ സംവിധായകനും അഭിനേതാവും മേക്കപ്പ് മാനും എന്തിന് ആസ്വാദകന്‍ പോലും ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്. ഇങ്ങനെയൊക്കെ കേട്ടാല്‍ ഇവിടെയൊരു അരാജകത്വമാണന്ന് ചിന്തിച്ചാല്‍ തെറ്റി. ലോകത്തിലെ എട്ട് വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും പഠിക്കുന്ന ലീഡ് കോളേജ് കേരളത്തിലെ രണ്ടാമത്തെയും തെക്കേ ഇന്ത്യയിലെ പത്താമത്തെയും ഭാരതത്തിലെ 46മത്തെയും റാങ്കിംഗിലുള്ള എം.ബി. എ. കോളേജാണ് .

*കവാടമില്ലാത്ത ക്യാമ്പസ് മുതല്‍ വാര്‍ഡനില്ലാത്ത ഹോസ്റ്റല്‍ വരെ*

2011 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ പ്രോംബ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പാലക്കാട് ജില്ലയിലെ ധോണിയില്‍ ലീഡ് കോളേജ് ( Leadership and Etnrepreneurship Academy Dhoni) സ്ഥാപിച്ചത്. പത്ത് വര്‍ഷമായിട്ടും കോളേജിന് ഗെയ്റ്റ് നിര്‍മ്മിച്ചിട്ടില്ല. ഇനി നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നില്ലന്ന് പറയുന്ന ട്രസ്റ്റ് ചെയര്‍മാന്‍ തോമസ് ജോര്‍ജിന് ഈ ക്യാമ്പസിനെ ഗെയിറ്റില്ലാത്ത കോളേജ് എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. ലൈബ്രറിക്ക് ലൈബ്രേറിയന്‍ ഇല്ല എന്നതു പോലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിന് വാര്‍ഡന്‍മാരുമില്ല. എല്ലാം നിയന്ത്രിക്കുന്നത് വിദ്യാര്‍ത്ഥികളുടെ വിവിധ ഗ്രൂപ്പുകളാണ് .ലോട്ടുകള്‍ എന്നാണ് ഈ സംഘങ്ങള്‍ അറിയപ്പെടുന്നത് .ഇങ്ങനെ 16 ലോട്ടുകള്‍ പ്രവര്‍ത്തിക്കുന്നു .പഠിപ്പിക്കുന്നത് എം.ബി.എ. ആയതിനാല്‍ എല്ലാത്തരം ബിസിനസ് അഡ്മിനിസ്‌ട്രേഷനും ഈ 16 ലോട്ടുകളിലൂടെ രണ്ട് വര്‍ഷം കൊണ്ട് അവര്‍ അഭ്യസിച്ചിരിക്കും. കാന്റീനിലെ മെനു വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കും. ആവശ്യമായ പച്ചക്കറി ഇവിടെ കൃഷി ചെയ്യും ,പാലിന് പശുവിനെ വളര്‍ത്തും. എന്തെങ്കിലും സാധനങ്ങള്‍ ആവശ്യമായി വന്നാല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വാങ്ങും. വീടുണ്ടായിട്ടും തൊമ്മന്റെ ഭക്ഷണം വിദ്യാര്‍ത്ഥികളോടൊപ്പമാണ്.

*ലീഡിന്റെ ചരിത്രം*

ലോകത്തില്‍ ലീഡിന് സമാനമായി ഒരു ക്യാമ്പസ് ഉള്ളത് സൈപ്രസിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലാണ്. ധോണി സ്വദേശിയായ തോമസ് ജോര്‍ജ് പാലക്കാട് എന്‍.എസ്.എസ്. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് പ്രോംമ്റ്റ് കമ്പ്യൂട്ടേഴ്‌സ് എന്നൊരു സ്ഥാപനം തുടങ്ങിയിരുന്നു. സതേണ്‍ റെയില്‍വേക്ക് ആവശ്യമായ ടച്ച് സ്‌ക്രീന്‍ അസംബ്ള്‍ ചെയത് നല്‍കി അതിന്റെ അറ്റകുറ്റ പണികളും ചെയ്ത് വരുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നൈപുണ്യ വികസനത്തില്‍ ക്ലാസ്സ് എടുക്കാന്‍ പോകുമായിരുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ തുടങ്ങിയ ഈ യജ്ഞം ഇന്ത്യ മുഴുവനും പിന്നീട് ലോകം മുഴുവനും വ്യാപിച്ചു .അങ്ങനെയാണ് ബിസിനസ് മാനേജ്‌മെന്റ് തിയറിയല്ലാതെ പ്രായോഗികമായി പരിശീലിപ്പിക്കുന്ന വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെത്തിയത്. അവിടുത്തെ സൈപ്രസ് മോഡല്‍ പരിശീലനം പ്രാവര്‍ത്തികമാക്കാന്‍ ഒരു കോളേജ് ആരംഭിക്കുക എന്നതായി പിന്നീടുള്ള സ്വപ്നം. അതുവരെ സമ്പാദിച്ചതെല്ലാം ചേര്‍ത്ത് സഹോദരനെയും സുഹൃത്തിനെയും ചേര്‍ത്ത് ട്രസ്റ്റുണ്ടാക്കി, ആ ട്രസ്റ്റിന് കീഴില്‍ ലീഡ് കോളേജ് തുടങ്ങിയത്.

*ആരും പരീക്ഷിക്കാത്ത പരിശീലന തന്ത്രം*

വന്‍ തുക മുടക്കി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആരും പരീക്ഷിക്കാത്ത പരീക്ഷണങ്ങളാണ് തോമസ് ജോര്‍ജ് തുടങ്ങിവെച്ചത്. അത് പതിയെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഏറ്റെടുത്തു. കോളേജ് സ്ഥാപകനും ചെയര്‍മാനുമായ തോമസ് അവര്‍ക്ക് പ്രിയപ്പെട്ട തൊമ്മനായി. പിന്നെ, പതിയെ തൊമ്മനും മക്കളുമടങ്ങിയ ആ കുടുംബം വളര്‍ന്നു, ഇന്ത്യയിലെ മുന്‍ നിര എം.ബി.എ കോളേജുകളില്‍ ഒന്നായി ലീഡ് കോളേജ് വളര്‍ന്നതിന് പിന്നില്‍ പത്ര പരസ്യങ്ങളില്ല, റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്ല , ഉള്ളത് തൊമ്മന്റെ വിശാല കാഴ്ചപ്പാടും അവിടുത്തെ മക്കളുടെ വാമൊഴി വിജയഗാഥകളും മാത്രം. അമ്പതിലധികം സ്റ്റാഫ് കോളേജിലുണ്ടങ്കിലും ആരും ആരെയും നിയന്ത്രിക്കുകയോ ചൊല്പടിക്ക് നിര്‍ത്തുകയോ ചെയ്യുന്നില്ല.എല്ലാവരും എല്ലാവര്‍ക്കും കൂട്ടുകാര്‍. അവര്‍ വഴി തെളിക്കുന്നതാകട്ടെ, മികച്ച ബിസിനസുകാരനാവാന്‍. പഠനം പൂര്‍ത്തീകരിച്ചാല്‍ പ്രതിവര്‍ഷം മിനിമം നാല് ലക്ഷം ശമ്പളത്തില്‍ ജോലിയാണ് മാനേജ്‌മെന്റ് പ്രവേശന സമയത്ത് ഉറപ്പ് നല്‍കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിടെ ഒരാളോട് പോലും ഈ ഓഫര്‍ തെറ്റിക്കേണ്ടി വന്നിട്ടില്ല.

*ഫീസ് നല്‍കുന്ന ഫീഡ് മണിയായി തിരികെ നല്‍കുന്നു*
ലീഡ് കോളേജില്‍ പഠിക്കുന്ന എല്ലാവര്‍ക്കും ജോലിയല്ല തൊമ്മന്‍ ലക്ഷ്യം വെക്കുന്നത്. മറിച്ച് എല്ലാവരെയും സംരംഭകരാക്കി മാറ്റുക എന്നതാണ് തൊമ്മന്റെ ലക്ഷ്യം.
കോളേജിന് നല്‍കുന്ന ഫീസിന്റെ ഒരു വിഹിതം ഇങ്ങനെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫീഡ് മണിയായി തിരിച്ച് നല്‍കും. ഏത് തരം സംരംഭവും അഭിരുചിക്കനുസരിച്ച് വിദ്യാര്‍ത്ഥിക്ക് തുടങ്ങാം. കോളേജില്‍ പ്രവേശനം നേടിയാല്‍ ആദ്യ സെമസ്റ്റര്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് അല്ലങ്കില്‍ സംരംഭം തുടങ്ങാം. ക്ലാസ്സ് മുറി ഒരു ഇന്‍കുബേഷന്‍ സെന്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പണം കൂടാതെ സംരംഭം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വായ്പ, ലൈസന്‍സ് എന്നിവക്കുള്ള സഹായവും സാങ്കേതിക സഹായവും കോളേജിലെ മനുഷ്യവിഭവശേഷിയും കൂടാതെ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹായവും ലഭ്യമാക്കുന്നുണ്ട്.

*തൊമ്മന്റെ കാഴ്ചപ്പാടും അമൃദിന്റെ സ്വപ്നങ്ങളും*
എഞ്ചിനീയറിംഗ് കോളേജുകളില്‍ ക്ലാസ് എടുക്കാനായി ലോകം മുഴുവന്‍ ചുറ്റിയപ്പോള്‍ തൊമ്മന് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ലോകം മുഴുവന്‍ വളരുന്ന സംരംഭങ്ങള്‍ എന്റെ കേരളത്തില്‍ നിന്ന് ഉണ്ടാകണം. അതിന് പുതുതലമുറയെ നയിക്കണം. ഇതിലേക്കായിരുന്നു തൊമ്മന്റെ ഓരോ ചുവടുകളും .കോളേജില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തമായി ഒരു സംരംഭം. അവര്‍ ആരുടെയും കീഴില്‍ ജോലി ചെയ്യേണ്ടവരല്ല ,അവര്‍ അനേകര്‍ക്ക് ജീവിതം നല്‍കുന്ന തൊഴിലുടമകള്‍ ആകണം.കോളേജ് തുടങ്ങി ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ആ വിശാല കാഴ്ചപ്പാടുകള്‍ക്ക് ചിറക് മുളച്ച് പലരും ആ ചിറകില്‍ പറന്നുയുരന്നത് കാണുന്നതാണ് തൊമ്മന്റെ സന്തോഷം. ആദ്യവര്‍ഷങ്ങളില്‍ പഠിച്ചവരൊക്കെ പഠനം കഴിഞ്ഞ് ഒരു നല്ല ജോലി പ്രതീക്ഷിച്ച് എം.ബി.എ. പഠിക്കാനെത്തിയവരായിരുന്നു. . ജോലിക്ക് കയറി ശമ്പള വര്‍ദ്ധന ഉണ്ടായപ്പോള്‍ സംരംഭവും അത് തുടങ്ങാനുള്ള ബുദ്ധിമുട്ടുകളും ഒന്നും സഹിക്കാന്‍ പലരും തയ്യാറായില്ല. എന്നാല്‍ പതിയെ ഈ സ്ഥിതി മാറി. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇപ്പോള്‍ സംരംഭം തുടങ്ങുകയെന്ന ആശയം പ്രവേശനത്തിന് നിര്‍ബന്ധ മാനദണ്ഡമാക്കി.
ലീഡ് കോളേജിലെ രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശി കെ.എസ്. അമൃദ്. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട തന്റെ പ്രൊജക്ട് 60 ലക്ഷത്തിന്റേതാണന്ന് അമൃദ് പറയുന്നു. വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിന്ന് വ്യവസായി എന്ന ഉയരത്തിലേക്കുള്ള വളര്‍ച്ച സ്വപ്നം കണ്ടാണ് ഓരോ ദിവസവും അമൃദ് കോളേജിലെത്തുന്നത്. ഒരു സംരംഭത്തിനുള്ള എല്ലാ സാങ്കേതിക കടമ്പകളും കടക്കാനായി 12 വിദ്യാര്‍ത്ഥി സംരംഭകരാണ് ഇപ്പോള്‍ ഭാവിയിലെ നല്ല പ്രഭാതം കാത്തിരിക്കുന്നത്.കോളേജിനെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ഓരോ വിദ്യാര്‍ത്ഥിയെക്കുറിച്ചും കോളേജിന്റെ ംംം.ഹലമറ.മര.ശി എന്ന വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതും എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. 094977 13693 എന്ന നമ്പറില്‍ വിളിക്കുമ്പോള്‍ ഫോണെടുത്ത് സംസാരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കസ്റ്റമര്‍ കെയര്‍ ലോട്ടാണ് .
അങ്ങനെ എം.ബി.എ. എന്ന വലിയ കോഴ്‌സിന്റെ എല്ലാ പ്രായോഗിക പഠനങ്ങളും സമ്മാനിക്കുന്ന അപൂര്‍വ്വ കലാലയങ്ങളിലൊന്നായി ഇന്ന് ലീഡ് കോളേജ് ധോണിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker