ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
മഹാരാഷ്ട്രയിലെ മറാത്താ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ്, ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ വിധി വിശാല ഭരണഘടനാ ബെഞ്ചിനു വിടുന്നതാണ് സുപ്രീം, ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ച് പരിഗണിക്കുക. ഇതിനായി മാര്‍ച്ച് 15 മുതല്‍ വാദം കേള്‍ക്കും.
സംവരണവുമായി ബന്ധപ്പെട്ട വിഷയം ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ ഒന്നല്ലെന്ന്, മറാത്താ സംവരണ കേസ് പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കു പറയാനുള്ളതും കേള്‍ക്കട്ടെ. വിശാലമായ സാധ്യതകളുള്ളതാണ് ഈ വിഷയമെന്ന് കോടതി അഭിപ്രായപ്പെട്ടു.