BREAKING NEWSKERALA

സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കും. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.
പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാന്‍ സ്വാഗതം ചെയ്തു. ഓണ്‍ലൈന്‍ പഠനകാലത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഫീസ് കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിയ്ക്കും. സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിരുന്നില്ല. വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു.
സംസ്ഥാനത്ത് 1560 സിബിഎസ്ഇ സ്‌കൂളുകളാണുള്ളത്.ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായത്. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും.
സ്‌കൂള്‍ തുറക്കാന്‍ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവര്‍ഷമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പല സ്‌കൂളുകളുടെയും കെട്ടിടങ്ങള്‍ കാടുപിടിച്ച നിലയിലാണ്. സ്‌കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയൂ. കുട്ടികള്‍ക്കായി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കേണ്ടതുണ്ട്.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഒരു ബെഞ്ചില്‍ എത്രപേര്‍, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കണം.
കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്ന് സുപ്രീം കോടതി സംശയം ചോദിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂള്‍ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker