BREAKING NEWSKERALANEWS

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 17, കുവൈറ്റ് 12, സൗദി അറേബ്യ 4, ഒമാന്‍ 2, മാലിദ്വീപ് 1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 16, ഡല്‍ഹി 7, തമിഴ്‌നാട് 3, കര്‍ണാടക 2, ആന്ധ്രാപ്രദേശ 1, ജാര്‍ഖണ്ഡ് 1, ജമ്മുകാശ്മീര്‍ 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതും ഉള്‍പെടുന്നു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍കോട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Articles

Back to top button