തിരുവനന്തപുരം: സംസ്ഥാനത്ത് താപസൂചിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കൊടുംചൂട്. തിരുവനന്തപുരം ജില്ലയില്‍ ചിലയിടങ്ങളില്‍ 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളിലും കോട്ടയം ജില്ലയിലെ ചില മേഖലകളിലും 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.
ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപസൂചിക ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.