BREAKINGKERALA
Trending

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളാ തീരത്ത് ന്യൂനമര്‍ദപാത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളകടല്‍ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിര്‍ദേശങ്ങള്‍

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Related Articles

Back to top button