BREAKING NEWSKERALA

സഖാവ് കോടിയേരി മടങ്ങുന്നു; പയ്യാമ്പലത്തേക്ക് അന്ത്യയാത്ര, കാല്‍നടയായി അനുഗമിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഎമ്മിന്റെ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പയ്യാമ്പലത്ത് എത്തി. അല്‍പസമയത്തിനകം സംസ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്ന് ചിതയിലേക്ക് കൊണ്ടുപോയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു. .
ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം ഒരുങ്ങുന്നത്. അഴീക്കോടന്‍ മന്ദിരത്തില്‍ ആയിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമര്‍പ്പിച്ചു.
കോടിയേരി മൂളിയില്‍നടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിച്ചത്. വഴിനീളെ വന്‍ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നത്. വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള ആളുകള്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker