തിരുവനന്തപുരം: സച്ചിന് ദേവ് എംഎല്‍എയുമായുള്ള വിവാഹവാര്‍ത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ഏറെ കാലമായി സുഹൃത്തുക്കളായതിനു ശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയത്. പരസ്പരം സംസാരിച്ചതിനു ശേഷം ഇരുവരുടേയും കുടുംബക്കാരേയും പാര്‍ട്ടിയേയും അറിയിക്കുകയായിരുന്നുവെന്ന് ആര്യ രാജേന്ദ്രന് പറഞ്ഞു.
ഒരേ രാഷ്ട്രീയത്തില്‍പ്പെട്ട ആളുകളായതുകൊണ്ടാണ് പരിചയക്കാരായതും സുഹൃത്തുക്കളായതും. പരസ്പരം മനസ്സിലാക്കുന്നതിലും സഹായിക്കുന്നതിലും അത് സഹായിച്ചു. വിവാഹം ഉടനെ ഉണ്ടാവില്ല. കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും നിര്‍ദേശത്തിനനുസരിച്ച് ഉചിതമായ സമയത്ത് വിവാഹം നടത്തും. എപ്പോള്‍ നടത്തുമെന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും ആര്യ പറഞ്ഞു.
തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതാരാവുന്നുവെന്ന വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.