സതിയമ്മയെ പിരിച്ചുവിട്ടതിന്റെ പേരിൽ പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉൾപ്പെടെയുള്ള 25 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേര്‍ന്ന് കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ചുകയറിയെന്നും, മുദ്രാവാക്യം വിളിച്ച് ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
ആഗസ്റ്റ് 22 നായിരുന്നു തന്നെ പിരിച്ചുവിട്ടതിനെതിരെ സതിയമ്മയും ഭര്‍ത്താവ് രാധാകൃഷ്ണനും ചേർന്ന് മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. പിന്നാലെ ഇവര്‍ക്ക് പിന്തുണയുമായി നേതാക്കള്‍ എത്തുകയായിരുന്നു. വിഡി സതീശനെ കൂടാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജെബി മേത്തര്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെസി ജോസഫ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍ കൊല്ലാട്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബെറ്റി തോമസ്, മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ് ലത, കോട്ടയം നഗരസഭ കൗണ്‍സിലര്‍ ബിന്ദു സന്തോഷ് കുമാര്‍, വിജയപുരം പഞ്ചായത്ത് അംഗം സിസി ബോബി, യുഡിഎഫ് ജില്ല കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കുഞ്ഞ് ഇല്ലംപള്ളി, ജെജി പാലയ്ക്കലോടി, കണ്ടാലറിയാവുന്ന ഒമ്പത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറയുന്നത് വരെ ജോലിയില്‍ നിന്നും തന്നോട് പോകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പിഒ സതിയമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞതിന് പിന്നിലെയാണ് മൃഗാശുപത്രിയിലെ താല്‍ക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും അവർ ആവർത്തിച്ചു.