സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് 100 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്. കരാറുകാര്‍ക്ക് കുടിശിക നല്‍കാനായും ഇതു വിനിയോഗിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതോടെ സപ്ലൈകോയുടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും.
ഓണക്കാലത്തിന് മുന്നോടിയായാണ് വിപണി ഇടപെടലിന് 100 കോടി ധനവകുപ്പ് അനുവദിച്ചത്. അവശ്യ സാധനങ്ങള്‍ 35 ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യാനും കരാറുകാര്‍ക്ക് തുക നല്‍കാനും ഇതു വിനിയോഗിക്കാമെന്ന് ധനവകുപ്പ് അറിയിച്ചു. വിപണി ഇടപെടലിനായി 205 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ധനവകുപ്പ് തുക അനുവദിച്ചതോടെ സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ തീരുകയും കരാറുകാര്‍ കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ടെണ്ടറില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായിരുന്നു. 13 ഇനം സബ്‌സിഡി സാധനങ്ങളില്‍ അരിയും വെളിച്ചെണ്ണയും മാത്രമാണ് ഔട്ട്‌ലെറ്റുകളിലുള്ളത്. 600 കോടി കുടിശികയില്‍ കുറച്ചെങ്കിലും നല്‍കിയാല്‍ ടെണ്ടറില്‍ പങ്കെടുക്കാമെന്നാണ് കരാറുകാര്‍ അറിയിച്ചിട്ടുള്ളത്. തുക അനുവദിച്ചതോടെ ഓണക്കാലത്തേക്ക് സാധനങ്ങള്‍ സംഭരിക്കാനും വിപണി ഇടപെടല്‍ നടത്താനും സപ്ലൈകോയ്ക്ക് കഴിയും.