കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്സ് സഭാ പ്രശ്നത്തിന് പരിഹാരം തേടി പാത്രിയര്‍ക്കീസ് ബാവ. സഭാ പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ആഗോള സുറിയാനി സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസ് ബാവ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടാം തവണയും അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
വിശ്വാസികള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോടതി ഉത്തരവുകള്‍ തിരിച്ചടിയായ കേരളത്തിലെ യാക്കോബായ വിശ്വാസികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ഓര്‍ഡിനന്‍സ് വിശ്വസ്തര്‍ക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ആഗോള സുറിയാനി സഭാ തലവന്‍ പറയുന്നു. തുടര്‍ഭരണം ലഭിച്ച ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
അഭിനന്ദന കത്ത് എന്നതിനേക്കാള്‍ അപ്പുറം തങ്ങളുടെ ആശങ്കകളാണ് യാക്കോബായ സഭ ഉയര്‍ത്തുന്നത്. സെമിത്തേരി പ്രശ്നവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും പള്ളിതര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന പ്രതീക്ഷ യാക്കോബായ സഭയ്ക്കുന്നണ്ടായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലം വരെയും ആ പ്രതീക്ഷ നിലനിന്നിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിയുടെ പിന്തുണ പോലും യാക്കോബായ സഭ തേടിയിരുന്നു. ആര് എസ് എസ് നേതാക്കളുമായും സന്ധി സംഭാഷണങ്ങള്‍ നടന്നിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ കാണുവാനും യാക്കോബായ സഭാ നേതൃത്വം ശ്രമിച്ചിരുന്നു. തങ്ങളെ പിന്തുണക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് യാക്കോബായസഭ പലതവണ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ എത്തുന്നതും. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭാ നേതൃത്വവും രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ നേരത്തി സഭയുടെ പരമാധ്യക്ഷന്‍ തന്നെ നേരിട്ട് കത്തയച്ചത്.