ദില്ലി: ദില്ലിയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. ദില്ലി എയിംസ് അധികൃതരാണ് ഡോക്ടര്‍മാരോട് എത്രയും വേഗം ഡ്യൂട്ടിയില്‍ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കിയത്. ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.
കൊല്‍ക്കത്ത കൊലപാതകത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തും ശക്തമായ സമരമാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തുടരുന്നത്. ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ അടിയന്തര നിയമനിര്‍മാണവുമെന്ന ആവശ്യവും ദില്ലിയില്‍ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നു. സമരത്തിന്റെ മൂന്നാം ദിനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചതോടെ കേന്ദ്ര സര്‍ക്കാരും സമ്മര്‍ദത്തിലായി.
ഉന്നയിച്ച വിഷയങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ ഒരടി പിന്നോട്ടില്ലെന്ന് സമരക്കാര്‍ കടുപ്പിച്ചു. സുപ്രീം കോടതി ഇടപെട്ടിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കട്ടെയെന്നായി സമരക്കാര്‍. ഇതോടെയാണ് ദില്ലി എയിംസിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന താക്കീതുമായി അധികൃതര്‍ രംഗത്തെത്തിയത്. നേരത്തെ ജോലിയില്‍ തിരിച്ചു കയറണമെന്ന് അഭ്യര്‍ത്ഥിച്ച് ദില്ലി എയിംസ് ഡയറക്ടറുടെ കത്ത് പുറത്ത് വന്നിരുന്നു.
എന്നാല്‍ കത്തല്ല കര്‍ശന താക്കീതാണ് ഡയറക്ടര്‍ നല്‍കിയതെന്നാണ് ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. റസിഡന്റ് ഡോക്ടര്‍മാരില്‍ പലരും എയിംസിലെ വിദ്യാര്‍ത്ഥികള്‍ കൂടിയായതിനാല്‍ പുറത്താക്കല്‍ ഭീഷണിയടക്കം അധികൃതര്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചാല്‍ രാജ്യതലസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ സമരവും കെട്ടുപോകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍.
94 1 minute read