BREAKING NEWSKERALA

സമരക്കാരെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; ” ആരു പറയുന്നതാണ് ജനം കേള്‍ക്കുകയെന്നു നോക്കാം”

പാനൂര്‍ (കണ്ണൂര്‍): സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ ആരു പറയുന്നതാണ് ജനം കേള്‍ക്കുകയെന്നു നോക്കാമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരക്കാരെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി മുന്നോട്ടുതന്നെ പോകും. നാടിന്റെ താല്‍പര്യവും വികസനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. തെറ്റായ എതിര്‍പ്പുകള്‍ക്കു മുന്‍പില്‍ വഴങ്ങില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം പദ്ധതിക്ക് അനുകൂലമാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളില്‍ നടത്തിയ യോഗത്തില്‍ ഒരു അപസ്വരം പോലും ഉയര്‍ന്നിട്ടില്ല. യുഡിഎഫ് വിചാരിച്ചാല്‍ പദ്ധതിക്കെതിരെ കുറച്ച് ആളുകളെ ഇറക്കാന്‍ കഴിയുമെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ രംഗത്തിറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിനു വേണ്ടി ചെണ്ടയാട് വരപ്രയില്‍ നിര്‍മിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അവരെ വിഷമിപ്പിക്കുകയല്ല, സാധാരണ വിലയുടെ നാലിരട്ടി നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് വെറുംവാക്കല്ലെന്ന് ദേശീയപാതയുടെ കാര്യത്തില്‍ കണ്ടതാണ്. ദേശീയപാത, മലയോര പാത, തീരദേശപാത എന്നിവയും സില്‍വര്‍ ലൈനും കൂടിയാകുമ്പോള്‍ ഉണ്ടാകുന്ന പുരോഗതി വമ്പിച്ചതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വേക്കല്ല് പിഴുതെറിഞ്ഞതു കൊണ്ടൊന്നും സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 8 സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനം നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സമരത്തിനു കോണ്‍ഗ്രസില്ല. മാര്‍ക്കറ്റ് വിലയേക്കാള്‍ നാലിരട്ടി വിലയാണ് ഭൂമിക്കു സര്‍ക്കാര്‍ നല്‍കുന്നത്. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള സമരമാണു നടക്കുന്നതെന്നു കോടിയേരി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker