BREAKINGNATIONAL
Trending

‘സര്‍ക്കാര്‍ ഇതുവരെ പാഠം പഠിച്ചില്ല’; കവരപ്പേട്ട ട്രെയിന്‍ അപകടത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ട്രെയിന്‍ അപകടത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍കാല അപകടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരുവള്ളൂര്‍ കവരപ്പേട്ടയില്‍ മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. നാലുപേരുടെ നില ഗുരുതരമാണ്.
ട്രെയിന്‍ അപകടങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടമായിട്ടും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തോടാണ് തമിഴ്‌നാട്ടിലെ ട്രെയിന്‍ അപകടത്തെ രാഹുല്‍ ഗാന്ധി ഉപമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനി എത്ര കുടുംബങ്ങള്‍ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. അതിവേഗത്തിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും 12 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു.1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിന്‍ മെയിന്‍ ലൈന്‍ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button