ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ ടെന്‍ഡറില്‍ സാമ്പത്തിക മുന്‍ഗണന നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. സാമ്പത്തിക മുന്‍ഗണന ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഹൈക്കോടതി വിധിക്കെതിരെ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ ടെന്‍ഡറില്‍ സാമ്പത്തിക മുന്‍ഗണന നല്‍കുന്നത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഈ പ്രത്യേക പരിഗണനയെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും തുല്യ അവസരമാണ് ലഭിക്കേണ്ടതെന്നും സംഘടനയ്ക്കുവേണ്ടി ഹാജരായവര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
സോഷ്യലിസ്റ്റ് ചിന്താധാരയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒരു ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കാന്‍ പോലും കഴിയില്ല എന്നാണ് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാദം. 10% സാമ്പത്തിക മുന്‍ഗണന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു 280.73 കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ ലഭിച്ചെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ബില്‍ഡേഴ്സ് അസോസിയേഷനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണ്‍, അഭിഭാഷകന്‍ നിഷാന്ത് പാട്ടീല്‍ എന്നിവര്‍ ഹാജരായി. കേസില്‍ തടസ്സഹര്‍ജി നല്‍കിയിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍, അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, എസ്. ശ്യാംകുമാര്‍ എന്നിവരാണ് ഹാജരായത്.
74 1 minute read