LOCAL NEWSKOZHIKODE

സര്‍ക്കാറുകള്‍ കലാകാരന് അവഗണന മാത്രമേ നല്‍കിയുള്ളൂ: കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

കോഴിക്കോട്: കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സര്‍ക്കാരും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കെ.എന്‍.എ കാദര്‍ എം.എല്‍.എ. വഴിപാട് പോല ആണ്ടിലൊരിക്കല്‍ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ്  കൊടുക്കുക എന്നതിനപ്പുറം കലാകാരന്‍മാര്‍ക്ക് വേദി നല്‍കാനോ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രവര്‍ത്തികമാക്കാനോ ഭരണകൂടം ശ്രമിക്കുന്നില്ല. ബംഗാള്‍ പോലും കേരളത്തെക്കാള്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിസ്റ്റ് സഗീറിനെ ആദരിക്കാന്‍ കോഴിക്കോട് സംഘടിപ്പിച്ച ‘സഗീര്‍ വരയുടെ അര നൂറ്റാണ്ട്’ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എന്‍.എ. കാദര്‍. ചിത്രമെഴുത്തിന്റെ അന്‍പതാണ്ടുകള്‍ പിന്നിട്ട സഗീറിനെ ആദരിക്കാന്‍ ഒരുക്കിയ നാല് നാള്‍ നീണ്ട ആഘോഷ പരിപാടികള്‍ സമാപിച്ചു.
സമാപനച്ചടങ്ങില്‍ അസ്വ.ശ്രീധരന്‍ നായര്‍ ( ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ,  ബി.എം ജമാല്‍, പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, പ്രകാശ് പൊതായ എന്നിവര്‍ സംസാരിച്ചു.
കെഎന്‍എ കാദര്‍ ആര്‍ട്ടിസ്റ്റ് സഗീറിന് ഉപഹാരം നല്‍കി. ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ വരക്കൂട്ടത്തിന്റെ ഉപഹാരം ജോഷി പേരാമ്പ്ര സമ്മാനിച്ചു. ആറ് വയസ്സുകാരി സൂര്യ രാജേന്ദ്രന്‍ സഗീറിനെ വരച്ച് സദസില്‍ വെച്ച് കൈമാറിയത് കൗതുകമായി.
അഡ്വ. രാമചന്ദ്രന്‍ സ്വാഗതവും അജയ് സാഗ നദിയും പറഞ്ഞു. സുരേഷ് തിരുവാലി, ലൗലി രാജേന്ദ്രന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.
ആര്‍ട്ട് ഗാലറിയില്‍ സഗീര്‍ ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദര്‍ശനം അരങ്ങേറി. അന്‍പതോളം ചിത്രകാരന്മാര്‍ സഗീറിന് വരയാദരവ് നല്‍കുകയും സംവദിക്കുകയും ചെയ്തു. ആലോഷ പരിപാടികളുടെ ഭാഗമായി മെഹഫില്‍ രാവും ഒരുക്കിയിരുന്നു.

Related Articles

Back to top button