കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് മുന്‍ ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്തു. വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു ഇരുവരും. ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് തിരിച്ചെടുത്തത്. ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ കാന്തനാഥിനെയും ആണ് തിരിച്ചെടുത്തത്.
പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്കാണ് ഇരുവര്‍ക്കും നിയമനം. ഇന്നലെ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സിലിലാണ് തീരുമാനം ഉണ്ടായത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ അച്ചടക്ക നടപടികള്‍ക്ക് മുതിരാതിരുന്നത്.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോക്ടര്‍ കെ.എസ്. അനില്‍, ടി. സിദ്ദിഖ് എം.എല്‍.എ., ഫാക്കല്‍റ്റി ഡീന്‍ കെ. വിജയകുമാര്‍, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവര്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.
പ്രതികള്‍ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 20 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.ഡീന്‍ ഉള്‍പ്പെടെ പ്രതികളെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
58 1 minute read