KERALALATEST

സഹകരണക്കേസില്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: സഹകരണക്കേസില്‍ ആറന്മുള മുന്‍ എം എല്‍ എ ശിവദാസന്‍ നായര്‍ക്ക് തിരിച്ചടി. സഹകരണ രജിസ്ട്രാര്‍ വിളിച്ചു ചേര്‍ക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെയായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. ശിവദാസന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും സുപ്രിംകോടതി ശരിവെച്ചു. ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്നും ശിവദാസന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വരുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.
കേരള സഹകരണ സൊസൈറ്റി നിയമ പ്രകാരം സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെങ്കിലും യോഗത്തില്‍ സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാത്രം ചര്‍ച്ച നടത്താനാകൂവെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. മാത്രമല്ല ആവിശ്വാസം പ്രമേയം അവതരിപ്പിച്ച നടപടി റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി എന്‍ രവീന്ദ്രന്‍, അഭിഭാഷകന്‍ പി എസ് സുധീര്‍ എന്നിവര്‍ വാദിച്ചു.
സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി നേരത്ത കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ നടപടിയില്‍ അപാകതയില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതിയും വിധിച്ചത്. യുഡിഎഫ് ഭരണസമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. എന്നാല്‍ അവിശ്വാസം പാസായതോടെ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker