സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസ്സുള്ള യുവാക്കള്‍ക്ക് സർക്കാർ ചെലവില്‍ കൗണ്‍സലിങ് നല്‍കാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡനപരാതിയില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സർക്കാർ മാർഗനിർദേശങ്ങള്‍ക്ക് രൂപംനല്‍കണമെന്നും കോടതി പറഞ്ഞു. എറണാകുളം ജില്ലയിലെ തടിയിറ്റപ്പറമ്ബ് പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു. യുവാക്കളില്‍ ഒരാള്‍ 2017-ല്‍ താൻ ആറാംക്ലാസില്‍ പഠിക്കുമ്ബോഴും മറ്റൊരാള്‍ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
കഴിഞ്ഞ മേയ് 30-ന് യുവാക്കള്‍ അറസ്റ്റിലായി. കോടതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയും സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. യുവാക്കള്‍ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും പറഞ്ഞു. ഇരുവരും തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പെണ്‍കുട്ടി പരാതിനല്‍കിയത് അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോഴാണെന്ന് പിതാവും പറഞ്ഞു.
പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടി തെറ്റായ പരാതിനല്‍കിയാല്‍ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാല്‍, നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു.50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.