ധാക്ക: ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നല്‍കില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്ക് കടന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ സ്ഥിതിഗതികള്‍ വഷളായതോടെ അതിര്‍ത്തിയില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.
പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയായ ഗനഭവനില്‍ പ്രവേശിച്ചു. കലാപത്തില്‍ 300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഞായറാഴ്ച 98 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിഷേധം രൂക്ഷമായത്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണ സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ തെരുവിലറങ്ങിയത്. ആദ്യഘട്ട പ്രക്ഷോഭത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം, ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ മൂര്‍ധന്യത്തിലെത്തി.
1971ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം പ്രക്ഷോഭകര്‍ കവര്‍ച്ച ചെയ്യുകയാണ്. ധാക്കയില്‍ ഷെയ്ക് മുജീബുര്‍ റഹ്‌മാന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
79 1 minute read