BREAKING NEWSLATESTNATIONAL

സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം; ബി.ജെ.പി. നേതാവ് അറസ്റ്റില്‍

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ബി.ജെ.പി. നേതാവ് ആര്‍. കല്യാണരാമനെ (55) തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായ കല്യാണരാമനെ ചെന്നൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് പിടികൂടിയത്.
മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ഇയാള്‍ അധിക്ഷേപകരമായ പോസ്റ്റിട്ടിരുന്നു. നടിയും ഡോക്ടറുമായ ശര്‍മിളയ്‌ക്കെതിരേയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവെച്ചു. തുടര്‍ന്ന് ഡിഎംകെ എംപി ഡോ, സെന്തില്‍ കുമാര്‍, തണ്ടയാര്‍പ്പേട്ട സ്വദേശിയായ അഭിഭാഷകന്‍ തുടങ്ങി നിരവധി വ്യക്തികളും സംഘനടകളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി.
മതാടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് കല്യാണരാമന്റെ പോസ്റ്റുകളെന്നായിരുന്നു പരാതി. രണ്ടുമാസത്തിനിടെയുള്ള 18 ട്വീറ്റുകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് കല്ല്യാണരാമനെ വീട്ടില്‍ക്കയറി കസ്റ്റഡിയിലെടുത്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി. റാലിയില്‍ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന്‍ അറസ്റ്റിലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker