ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിത് മോഹന്‍ ഡല്‍ഹി നിയമസഭാസമിതിയുടെ പാനല്‍ അയച്ച സമന്‍സ് റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഫെയ്സ്ബുക്ക് പോലുളള സാമൂഹിക മാധ്യമങ്ങള്‍ക്ക് ആളുകളെ സ്വാധീനിക്കാനും സമൂഹത്തെ ധ്രുവീകരിക്കാനുമുളള കഴിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന ക്രമസമാധാനത്തിന്റെയും ക്രിമിനല്‍ പ്രോസിക്യൂഷന്റെയും മേഖലകളിലേക്ക് കടന്നുകയറാന്‍ ഡല്‍ഹി നിയമസഭയുടെ അന്വേഷണത്തിന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ മേഖലകളുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങളാണെങ്കില്‍ നിയമസഭാ സമിതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാതിരിക്കാന് ഹര്‍ജിക്കാരന്റെ പ്രതിനിധിക്ക് സാധിക്കുമെന്നും കോടതി വിലയിരുത്തി.
ഡല്‍ഹി നിയമസഭാസമിതി അയച്ച സമന്‍സിനെ ചോദ്യം ചെയ്ത് അജിത് മോഹനും മറ്റ് ഉദ്യോഗസ്ഥരും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുപരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുളള അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പാനല്‍ അജിത്തിന് സമന്‍സ് അയച്ചത്. അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമിതിയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഡല്‍ഹി കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി നിയമസഭയ്ക്ക് അധികാരമില്ലെന്ന വാദം കോടതി തളളി. കേന്ദ്രത്തിന്റെ ഏഴാം ഷെഡ്യൂള്‍ ഒഴികെയുളള സമാധാനവും ഐക്യവും സംബന്ധിച്ച ഏതുവിഷയത്തിലും വിവരങ്ങള്‍ ആരായാന്‍ സമിതിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.