തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കണം. ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധിത പിടിച്ചെടുക്കല്‍ പാടില്ലെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
സര്‍ക്കാരിന്റെ അഭ്യര്‍ഥന സര്‍വീസ് സംഘടനകള്‍ പൊതുവേ സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാസ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍നിന്ന് നല്‍കാം. തവണകളായി അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കാം. സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്.
സ്പാര്‍ക്ക് മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും. അഞ്ചുദിവസത്തില്‍ കൂടുതല്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
57 Less than a minute