ദില്ലി: ദില്ലിയിലെ സിആര്‍പിഎഫ് സ്‌കൂളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാളാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു.
ഒന്നര അടി മുതല്‍ ഒരടി വരെ താഴ്ചയുള്ള കുഴിയിലാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചത്. ഒരു പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞാണ് സ്‌ഫോടക വസ്തു കുഴിയില്‍ സ്ഥാപിച്ചതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്‌ഫോടക വസ്തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ക്രൂഡ് ബോംബുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. എന്‍എസ്ജി ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്‌ഫോടനത്തിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കുകയാണ്.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെള്ളപ്പൊടി അമോണിയം ഫോസ്‌ഫേറ്റും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച നാടന്‍ ബോംബില്‍ നിന്നുള്ളതാണെന്നാണ് പ്രാഥമിക നി?ഗമനം. സ്‌ഫോടനത്തെ തുടര്‍ന്ന് സിആര്‍പിഎഫ് സ്‌കൂളിന്റെ ഭിത്തിയില്‍ വലിയ ദ്വാരമുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സിആര്‍പിഎഫ് സ്‌കൂളിന് എതിര്‍വശത്തുള്ള കടകളുടെ ജനല്‍ ചില്ലുകളും സൈന്‍ ബോര്‍ഡുകളും തകര്‍ന്നു.
അതേസമയം, രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിലാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വന്‍ പുകപടലം രൂപപ്പെട്ടു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകര്‍ന്നിരുന്നു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
59 1 minute read