ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടത് 309 റണ്‍സ്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്. ശുഭ്മന്‍ ഗില്‍ (31), രോഹിത് ശര്‍മ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വര്‍ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസില്‍.
പോസിറ്റീവായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഓസീസ് ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ട ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഹേസല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി ബാറ്റ് ചെയ്തിരുന്ന ഗില്ലിനെ ഹേസല്‍വുഡ് ടിം പെയ്ന്റെ കൈകളില്‍ എത്തിച്ചു. ഗില്‍ പുറത്തായിട്ടും നന്നായി ബാറ്റിംഗ് തുടര്‍ന്ന രോഹിത് ലിയോണിനെതിരെ ബൗണ്ടറിയടിച്ച് ഫിഫ്റ്റി നേടി. എന്നാല്‍, ഫിഫ്റ്റിക്ക് പിന്നാലെ, കമ്മിന്‍സിനെതിരെ ഒരു അനാവശ്യ ഷോട്ട് കളിച്ച് താരം പുറത്തായി. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പിടികൂടുകയായിരുന്നു.