BREAKINGKERALA
Trending

സിദ്ദിഖിനും രഞ്ജിത്തിനുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.
നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

Related Articles

Back to top button