KERALABREAKING NEWS

സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നുതന്നെ സമര്‍പ്പിച്ച് കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മഥുര ജയിലില്‍ തടവില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ ചങ്ങലക്കിട്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാര്‍ വാദിച്ചു. കാപ്പന്റെ കേസില്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്നാണ് സോളിസിറ്റര്‍ ജനറലിന്റെ വാദം.
ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് കത്തയച്ചിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.
ജയിലില്‍ കുഴഞ്ഞുവീണ കാപ്പന് താടിയെല്ലിന് പരുക്കേറ്റിരുന്നു. കടുത്ത പ്രമേഹ രോഗിയായ കാപ്പന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
ഹത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ആറു മാസത്തിലേറെയായി മഥുര ജയിലില്‍ കഴിയുകയാണ്.

Related Articles

Back to top button