ന്യൂഡല്‍ഹി: 34 വര്‍ഷം മുന്‍പ് റോഡില്‍ വെച്ചുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പ്രത്യേക ഭക്ഷണക്രമത്തിനായി അനുമതി തേടിയതായി റിപ്പോര്‍ട്ട്. സിദ്ദു ജയിലില്‍ പ്രത്യേക ഭക്ഷണക്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകന് എച്ച്പിഎസ് വര്‍മ പറഞ്ഞു. ഡോക്ടര്‍മാരുടെ ഒരു സംഘം സിദ്ദുവിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാരുടെ ബോര്‍ഡ് വൈദ്യപരിശോധന നടത്തുകയും സിദ്ദുവിന് ആവശ്യമായ പ്രത്യേക ഭക്ഷണങ്ങളും മരുന്നുകളും എന്താണെന്ന് തീരുമാനിച്ച ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വര്‍മ പറഞ്ഞു. അതേസമയം, വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാവിലെ കനത്ത സുരക്ഷയില്‍ സിദ്ദുവിനെ പട്യാലയിലെ രജിന്ദ്ര ആശുപത്രിയില്‍ എത്തിച്ചു.
പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സിദ്ദു ഗോതമ്പ്, പഞ്ചസാര, മൈദ, റൊട്ടി, എണ്ണമയമുള്ള ഭക്ഷണം, പഴങ്ങള്‍, നാരുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍, ചായ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ കഴിക്കില്ല. പപ്പായ, പേരയ്ക്ക, ഫൈബര്‍ കാര്‍ബോ ഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണങ്ങള്‍ എന്നിവയാണ് പതിവായി കഴിക്കുന്നത്. 58 കാരനായ കോണ്‍ഗ്രസ് നേതാവിന് എംബോളിസം പോലുള്ള ആരോഗ്യപ്രശ്നങ്ങളും കരള്‍ രോഗവുമുണ്ട്.
പട്യാല സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ മുറിയിലായിരുന്നു ജയിലിലെ സിദ്ദുവിന്റെ ആദ്യ ദിവസം. രാത്രി എഴ് മണിക്ക് ശേഷം ഭക്ഷണം നല്‍കിയെങ്കിലും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച സിദ്ദു സലാഡ് മാത്രമാണ് കഴിച്ചത്.
1988ല്‍ റോഡില്‍ വെച്ചുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 1988 ഡിസംബര്‍ 27ന് പാട്യാല സ്വദേശിയായ ഗുര്‍നാം സിംഗ് (65) എന്നയാളെയാണ് സിദ്ദുവും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പട്യാല കോടതിയിലെത്തി അദ്ദേഹം കീഴടങ്ങുകയായിരുന്നു.