കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിച്ചനിലയില്‍ കണ്ടെത്തിയ ജെ.എസ്. സിദ്ധാര്‍ഥന്‍ ഹോസ്റ്റലില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കണ്ണടയും പുസ്തകങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള 22 സാധനങ്ങള്‍ കാണുന്നില്ലെന്നാണ് പരാതി. സാധനങ്ങള്‍ കാണുന്നില്ലെന്നാരോപിച്ച് ബന്ധുക്കള്‍ വൈത്തിരി പോലീസിലും ഡീനിനുമാണ് പരാതി നല്‍കിയത്.
സിദ്ധാര്‍ഥന്റെ അമ്മാവന്‍ എം. ഷിബു ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ശനിയാഴ്ച സാധനങ്ങള്‍ തിരികെ കൊണ്ടുപോകാനായി എത്തിയിരുന്നു. കോളേജില്‍നിന്നു ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഹോസ്റ്റല്‍മുറിയില്‍ എത്തിയപ്പോള്‍ അവിടെ സാധനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോര്‍റൂമില്‍നിന്നും മറ്റുപലയിടങ്ങളില്‍നിന്നുമാണ് ചില സാധനങ്ങള്‍ എടുത്തുനല്‍കിയതെന്നും ഷിബു പറഞ്ഞു.
സിദ്ധാര്‍ഥന്‍ ഉപയോഗിച്ചിരുന്ന ഗിറ്റാര്‍, കുറച്ച് പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ഒരു സ്യൂട്ട്‌കേസ് തുടങ്ങിയ സാധനങ്ങള്‍ മാത്രമേ തിരികെ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥന്‍ ബി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
50 Less than a minute