ENTERTAINMENTMALAYALAM

സിനിമയില്‍ എത്തിയത് 76ാം വയസില്‍; വിടവാങ്ങുന്നത് മലയാള സിനിമയുടെ മുത്തച്ഛൻ

ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി വിടപറയുന്നതിലൂടെ മലയാള സിനിമയ്ക്ക് ഒരു മികച്ച നടനെയാണ് നഷ്ടമാകുന്നത്.പ്രായം ഒരു നമ്പര്‍ മാത്രമെന്ന് തെളിയിച്ചു കൊണ്ടായിരുന്നു നമ്പൂതിരിയുടെ സിനിമ എന്‍ട്രി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തന്റെ 76ാം വയസിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടി. തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മുത്തച്ഛന്‍ കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

1922 ഒക്ടോബര്‍ 25ന് കണ്ണൂര്‍ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം.

കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പാര്‍ട്ടി പ്രവര്‍ത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകള്‍ ഇന്നും നിധിപോലെ നമ്പൂതിരി സൂക്ഷിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നു. ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker