ലഖ്നൗ: ഇന്‍സ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും യുവതിയെ ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ-ബാരാബങ്കി ഹൈവേയിലാണ് കാന്‍പുര്‍ സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് വിപിന്‍ സിങ്, ഇയാളുടെ കൂട്ടാളി വിനം സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും ഹിമാന്‍ഷു സിങ് എന്നയാള്‍കൂടി കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ വിപിന്‍ സിങ് യുവതിയെ ലഖ്നൗവിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു സിനിമ സംവിധായകനെ പരിചയപ്പെടുത്തി നല്‍കാമെന്നായിരുന്നു വിപിന്‍ സിങ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 28-ന് വൈകീട്ടോടെ യുവതി ലഖ്നൗവിലെത്തി. തുടര്‍ന്ന് വിപിന്‍ സിങ് കാറില്‍ ദേവാ റോഡിലെ തന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സിനിമ സംവിധായകനെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തി. ശേഷം തിരികെ മഥിയാരി ക്രോസിങ്ങില്‍ ഇറക്കാമെന്ന് പറഞ്ഞ് വീണ്ടും കാറില്‍ കയറ്റികൊണ്ടുപോയി. എന്നാല്‍, മഥിയാരി ക്രോസിങ്ങിലേക്ക് പോകുന്നതിന് പകരം വിപിന്‍ സിങ് ബാരാബങ്കി ഹൈവേയിലേക്കാണ് വാഹനം ഓടിച്ചുപോയത്. ഇതിനിടെ, വിനം സിങ്, ഹിമാന്‍ഷു സിങ് എന്നിവരും വാഹനത്തില്‍ കയറി. പിന്നാലെ പ്രതികള്‍ എന്തോ വസ്തു തന്നെ മണപ്പിച്ച് ബോധരഹിതയാക്കിയെന്നും തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബലാത്സംഗത്തിന് മുന്‍പ് പ്രതികള്‍ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
ബോധം വീണ്ടെടുത്തപ്പോള്‍ ലഖ്നൗ ചിന്‍ഹാത്തിലെ ഒരു മുറിയിലായിരുന്നു. വിപിന്‍ സിങും ഇതേ മുറിയിലുണ്ടായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും തിരികെ കാന്‍പുരിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. അതിക്രമത്തിനിടെ തന്റെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
55 1 minute read