BREAKINGKERALA

‘സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, പരാതിയുണ്ടെങ്കില്‍ ആ നടന്‍ ആരാണെന്ന് പറയട്ടെ’; കെ. ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നെയും പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് നല്ലതാണ്. ആത്മയുടെ പ്രസിഡന്റ് താനാണ്. ഒരു നടനെയും താന്‍ ഇടപെട്ട് വിലക്കിയിട്ടില്ല. ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ല. പരാതി ഉണ്ടെങ്കില്‍ ആ നടന്‍ ആരാണെന്ന് പറയട്ടെയെന്നും അദേഹം ആവശ്യപ്പെട്ടു.
ചിലര്‍ പുരയ്ക്ക് തീ പിടിച്ചപ്പോള്‍ വാഴ വെട്ടാന്‍ നടക്കുകയാണ്. എല്ലാം ശരിയാണെന്ന് അഭിപ്രായമില്ല. ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടികളുടെ കാരവന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് സംഘടനയാണ് ഇതൊക്കെ ആലോചിക്കേണ്ടത്.
അവസരങ്ങള്‍ ലഭിക്കുന്നത് അതൊക്കെ പണ്ടേ കേള്‍ക്കുന്നതാതാണെന്നും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി പറഞ്ഞാല്‍ അന്നേരം പ്രതികരിക്കുമെന്നും നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് കാര്യമില്ലെന്നും സാംസ്‌കാരിക മന്ത്രി വിഷയത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു. സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോര്‍ട്ടെന്നും രേവതി പറഞ്ഞു.
തുടര്‍ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്. ആ നിലയ്ക്ക് ഇതിനെ കാണണം. ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ല. ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആലോചിക്കാന്‍ സഹായിക്കുന്ന പഠന റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കണമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയില്‍ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടില്‍ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ പരാതി വന്നിട്ടില്ല. തുടര്‍ നടപടി നിയമപരമായി പരിശോധിക്കുമെന്നും ഇപ്പോള്‍ പറഞ്ഞ ഭാഗം ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികളിലേക്ക് പോകേണ്ടതാണെങ്കില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ വശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് പോകും. റിപ്പോര്‍ട്ടില്‍ നടപടി വേണമെങ്കില്‍ കോടതി പറയട്ടെ. കോടതിയുടെ പരിഗണനയില്‍ ഉള്ള റിപ്പോര്‍ട്ടാണ്. പുറത്ത് വിടാത്ത ഭാഗങ്ങളില്‍ നടപടി എടുക്കേണ്ടതുണ്ടെങ്കില്‍ കോടതി പറയട്ടെ. സര്‍ക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഒരു വിട്ടു വീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button