മാനന്തവാടി : മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം. മാനന്തവാടി സബ് ആര്‍ടി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടെക്ക് സ്ഥലം മാറ്റിയത്. സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും ഇവരുടെ പേരുണ്ടായിരുന്നു. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
സിന്ധുവിന്റെ ആത്മഹത്യയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ പി രാജീവാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ആരോപണ വിധേയയായതിന് പിന്നാലെ അജിതകുമാരിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ ഡയറിയില്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്തവര്‍ സര്‍ക്കാര്‍ ജോലിക്ക് നില്‍ക്കരുതെന്ന ഡയറിയിലെ വരികള്‍ മോട്ടോര്‍ വാഹനവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.