NEWSBREAKINGKERALA

സിപിഎം അനുനയിപ്പിച്ചു: പാലക്കാട് രാജിപ്രഖ്യാപിച്ച അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല

പാലക്കാട്: പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ അബ്ദുൾ ഷുക്കൂറെത്തി. അതിനിടെ യോഗസ്ഥലത്ത് വച്ച് മാധ്യമപ്രവർത്തകരെ ഷുക്കൂറിൻ്റെ ചുമലിൽ കൈയ്യിട്ട് പിടിച്ച് എൻഎൻ കൃഷ്ണദാസ് അധിക്ഷേപിച്ചു.പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നഗരമേഖലയിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്. കൺവൻഷൻ യോഗത്തിലേക്ക് ഷുക്കൂറിനെ തോളിൽ കൈയ്യിട്ട് എൻഎൻ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നു. കൃഷ്ണദാസ് മാത്രമാണ് മാധ്യമപ്രവർ‍ത്തകരോട് സംസാരിച്ചത്. അബ്ദുൾ ഷുക്കൂർ തലതാഴ്ത്തിയാണ് കൺവൻഷൻ വേദിയിലേക്ക് നടന്നെത്തിയത്. വാർത്ത റിപ്പോ‍ർട്ട് ചെയ്തതിന് മാധ്യമങ്ങളോട് കുപിതനായ എൻഎൻ കൃഷ്ണദാസ് കൺവൻഷൻ വേദിയിലും മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു. ഷുക്കൂറിൻ്റെ രാജിവാർത്ത, പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട് ചെയ്തതിലാണ് കൃഷ്ണദാസ് കുപിതനായത്. ‘ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ നിൽക്കുന്ന പോലെ’ എന്ന് പ്രതികരണം തേടിയ മാധ്യമപ്രവർ‍ത്തകരെ അദ്ദേഹം അധിക്ഷേപിച്ചു.

Related Articles

Back to top button