BREAKING NEWSKERALA

സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം, ‘പൊലീസ് സര്‍ക്കാരിനെ നാണം കെടുത്തുന്നു’

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. അഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ മുന്‍നിര്‍ത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു സമ്മേളനത്തിനിടെ സംസാരിച്ച പ്രതിനിധികളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയര്‍ നേതാവ് എം.വിജയകുമാറാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിര്‍ത്തിയത് എന്തിനാണെന്നും വിമര്‍ശനമുണ്ടായി.
തുടര്‍ച്ചയായി പൊലീസ് പ്രതിക്കൂട്ടില്‍ ആയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സര്‍ക്കാരിന്റെ ജനകീയപ്രതിച്ഛായതന്നെ നഷ്ടപ്പെടുത്തും വിധത്തില്‍ പൊലീസ് പ്രതിക്കൂട്ടില്‍ ആകുന്നത് ഘടകകഷികളില്‍പ്പോലും അതൃപ്തി പരത്തുകയാണ്. ഇതിനിടെയാണ് സിപിഎം ഏരിയ സമ്മേളനത്തില്‍ തന്നെ വിഷയം ചര്‍ച്ചയാവുന്നത്.
ജനങ്ങള്‍ പരാതിയുമായി എത്തുമ്പോള്‍ പൊലീസ് മിക്കപ്പോഴും അത് അവഗണിക്കുന്നു. സ്ത്രീകള്‍ പരാതിയുമായി എത്തിയാല്‍ കാലതാമസമില്ലതെ നടപടി സ്വീകരിക്കണമെന്ന ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പുല്ലുവില. അടുത്തിടെ മിക്ക സംഭവങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കിയത് പോലീസിന്റെ ഈ അനാസ്ഥയാണ്.
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പോലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെതിരെ നടത്തിയത് രൂക്ഷ വിമര്‍ശനമാണ്. മലയന്‍കീഴ് പോക്‌സോ കേസില്‍ പ്രതിയുടെ അടുക്കലേക്ക് പൊലീസ് ഇരയെ എത്തിച്ച സംഭവത്തില്‍ പൊലീസ് പിഴവ് അംഗീകരിച്ചിട്ടു പോലുമില്ല. പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും വിട്ടുകൊടുത്ത പൊലീസിന്റെ ക്രൂരത നടുക്കുന്നതായി.
കൊല്ലം തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനില്‍ കെട്ടിയിട്ട സംഭവത്തില്‍ പൊലീസിന് കോടതിയില്‍ കുറ്റ സമ്മതം നടത്തേണ്ടി വന്നു. ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ സിഐയ്ക്ക് ഗുരുത വീഴ്ചയെന്ന് പോലീസ് തെന്നെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 29 ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീര്‍ കേസ് എടുക്കാത്തതാണ് ഒരു ജീവന്‍ പൊലിയാന്‍ കാരണമായത്. ഈ കേസില്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെ സി.ഐ സുധീറിനെതിരെ പരാതി പ്രളയമുണ്ടായി. കൈക്കൂലി ആവശ്യപ്പെട്ടെന്നും കള്ളക്കേസില്‍ കുടുക്കിയെന്നുമായിരുന്നു പരാതികളിലേറെയും.
മോന്‍സന്‍ മാവുങ്കലെന്ന തട്ടിപ്പ് കാരനെ വളര്‍ത്തിയതില്‍ പോലീസിന് സംഭവിച്ച് വീഴ്ചകളെ എണ്ണിപ്പറഞ്ഞായിരുന്നു ഹൈക്കോടതി വിമര്‍ശനം. ലൈസന്‍സ് ഇല്ലാതെയാണ് മോന്‍സന്‍ പുരാവസ്തുക്കളെന്ന പേരില്‍ സാധനങ്ങള്‍ സൂക്ഷിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും
സംസ്ഥാന പോലീസ് മേധാവിയും എഡിജിപിയും മോന്‍സന്റെ വീട്ടിലെത്തി. ആര് ക്ഷണിച്ചിട്ടാണ്ഈ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെത്തിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കുഞ്ഞിനെ അമ്മയായ അനുപമ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികളാണ്.
സംസ്ഥാനത്ത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ 744 പേര്‍ ക്രമിനല്‍ കേസില്‍ പ്രതികളാണ് എന്ന വിവരവും ഇതിനിടെ പുറത്തുവന്നു. തുടര്‍ച്ചയായി പൊലീസ് പ്രതിക്കൂട്ടില്‍ വരുന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രമുഖ സിപിഎം പ്രചാരകര്‍ വരെ പൊലീസിനെതിരെ രംഗത്തെത്തുന്ന അവസ്ഥയാണുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker