BREAKING NEWSKERALALATEST

സിപിഎം നേതാക്കള്‍ മര്‍ദിച്ച പ്രവര്‍ത്തകന്‍ മരിച്ചു

ഏങ്ങണ്ടിയൂര്‍ (തൃശൂര്‍): പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ് 46 ദിവസമായി ചികിത്സയിലായിരുന്ന അമല്‍ കൃഷ്ണ (31) മരിച്ചു. സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.ബി. സുധയുടെ മകനാണ് അമല്‍ കൃഷ്ണ. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.എന്‍. ജ്യോതിലാല്‍, ഏരിയ കമ്മിറ്റി അംഗം സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം ഷെബി എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണു കേസ്.
ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫിസിന് ഉള്ളിലുണ്ടായ സംഘര്‍ഷം പുറത്തേക്കെത്തുകയും ഇവിടെ വച്ച് അമല്‍ കൃഷ്ണയെ നിലത്തിട്ടു ചവിട്ടുകയും ചെയ്‌തെന്നാണു മൊഴി. കഴുത്തില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു. 46 ദിവസത്തോളം എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി മെച്ചപ്പെടാതെ വന്നതോടെ രണ്ടു ദിവസം മുന്‍പു വീട്ടിലേക്കു കൊണ്ടുപോയി. ഇന്നലെയാണു മരിച്ചത്.
ഏങ്ങണ്ടിയൂര്‍ സഹകരണ ബാങ്കില്‍ അമല്‍ കൃഷ്ണയ്ക്കു ജോലി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ സഹോദരന്‍ ഷെബിന് ഈ ജോലി ലഭിക്കാനായി സുല്‍ത്താന്‍ ശ്രമിച്ചിരുന്നെന്നാണു വിവരം. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണു മര്‍ദനത്തിലെത്തിയത്.
അമല്‍ കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്നു സംസ്‌കരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker