കണ്ണൂര്‍: പ്രാദേശിക ഭിന്നതകളെ തുടര്‍ന്ന് ബ്രാഞ്ച് അംഗങ്ങള്‍ വിട്ടുനിന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടായ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ പേരും ബഹിഷ്‌കരിച്ചത്.
പ്രദേശത്തെ അംഗന്‍വാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാത്തതിലായിരുന്നു എതിര്‍പ്പ്. വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിയാതെ ചിലരുടെ താല്പര്യം നടപ്പാക്കി എന്നതായിരുന്നു ആക്ഷേപം. രാവിലെ തുടങ്ങേണ്ടിയിരുന്ന സമ്മേളനത്തിനായി ഉദ്ഘാടകനായ ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ എത്തിയെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ പേരും വിട്ടുനിന്നു. പ്രശ്‌നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാട് കടുപ്പിച്ചതോടെ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇതാദ്യമായാണ് പാര്‍ട്ടി ശക്തികേന്ദ്രമായ ഇവിടെ ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്.
***