BREAKINGKERALA
Trending

സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത ഇനി കുറയും, പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍

കോഴിക്കോട്: ആരോപണമുന മുഖ്യമന്ത്രിയില്‍ എത്തിയതോടുകൂടി പി വി അന്‍വറിന് സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത ഇനി കുറയും. പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനും മടിയില്ല എന്നാണ് അന്‍വറിന്റെ നിലപാട്. അന്‍വറിന്റെ ഭാവിയെന്ത് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം.
2011 ല്‍ ഏറനാട് മണ്ഡലത്തില്‍ സിപിഐക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കേ സിപിഎം പിന്തുണ രഹസ്യമായി ഉറപ്പുവരുത്തിയാണ് പി വി അന്‍വര്‍ ഇടതുമുന്നണിയിലേക്ക് വഴിവെട്ടിയത്. ആ തെരഞ്ഞെടുപ്പില്‍ തോറ്റു പോയെങ്കിലും അടുത്ത തവണ എ വിജയരാഘവനുമായും അതുവഴി പിണറായി വിജയനുമായും സൗഹൃദം സ്ഥാപിച്ച പി വി അന്‍വര്‍ പിന്നീട് രണ്ട് തവണ നിലമ്പൂരില്‍ നിന്നും എംഎല്‍എയായി. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളെ അന്‍വറിന് വേണ്ടി സിപിഎം വെട്ടി നിരത്തി. പക്ഷേ രണ്ടാം പിണറായി സര്‍ക്കാര്‍ അന്‍വറിന് പഴയതുപോലെ പരിഗണന നല്‍കിയില്ല. മന്ത്രിയാകുമെന്ന സ്വപ്നം കെട്ടിടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടഞ്ഞതോടെ മുഖ്യമന്ത്രി ഗുഡ് ബുക്കില്‍ നിന്നും അന്‍വറിനെ വെട്ടി.
കണ്ണൂര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച അന്‍വര്‍ അവരുടെ കൂടി പിന്‍ബലത്തിലാണ് പോരിന് ഇറങ്ങിയത്. മുഖ്യമന്ത്രി അന്‍വറി നല്‍കിയ ഒടുവിലത്തെ മുന്നറിയിപ്പ് ആ പിന്തുണ നല്‍കിയവര്‍ക്ക് കൂടി ഉള്ളതാണ്. അന്‍വറിനൊപ്പം കെ ടി ജലീല്‍ ഇനി എന്തു ചെയ്യും. രണ്ട് പേരും പാര്‍ട്ടി നിയന്ത്രണത്തിന് പുറത്തായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സൈബര്‍ സിപിഎം അണികളുടെ പിന്തുണ ഇരുവര്‍ക്കും ഉണ്ട്. പാര്‍ട്ടി ഇടഞ്ഞാല്‍ ഇനിയത് തുടറുമോഎന്ന് കണ്ടറിയണം. ടി പി രാമകൃഷ്ണന്‍ ഒഴികെ മറ്റൊരു നേതാവും ഇതേവരെ അന്‍വറിന്റെ പരസ്യമായ വിഴുപ്പ് അലക്കലിനെതിരെ പ്രതികരിച്ചിരുന്നില്ല. ഇനി കൂടുതല്‍ നേതാക്കള്‍ അന്‍വറിനെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകും.
പോരാളി പരിവേഷം ഇനി അന്‍വറിന് പാര്‍ട്ടി അണികള്‍ നല്‍കാനിടയില്ല. അകത്തു പറയേണ്ടത് പുറത്ത് പറഞ്ഞു. എതിരാളികള്‍ക്ക് ആയുധം നല്‍കി സിപിഎമ്മിന്റെ കണക്കെടുപ്പില്‍ ഇതേപോലെ നിരവധി അച്ചടക്ക ലംഘനങ്ങള്‍ അന്‍വര്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരസ്യമായി വിമര്‍ശിച്ച് മാനം കെടുത്തിയത് മറ്റൊരു വശത്ത്. അന്‍വര്‍ ഇനി എത്ര നാള്‍ ഇങ്ങനെ തുടരുമെന്നുള്ളതാണ് ചോദ്യം. പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാള്‍ വീശി സിപിഎമ്മിന് അന്‍വറിനെ വിരട്ടനാകുന്നില്ല. അന്‍വറിനെ പിടിച്ചു കെട്ടാന്‍ സിപിഎം എന്ത് ആയുധം പ്രയോഗിക്കും എന്നാണ് അണികള്‍ ഉറ്റ് നോക്കുന്നത്.

Related Articles

Back to top button