കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് സംസ്ഥാനമെങ്ങും തുടക്കമായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. തുടര്‍ഭരണം കിട്ടിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ഓര്‍മ്മിപ്പിച്ചാണ് ഉദ്ഘാടന പ്രസംഗങ്ങള്‍. സര്‍ക്കാരിനു പിന്നാലെ സമ്മേളനങ്ങളിലൂടെ പാര്‍ട്ടിയിലും തലമുറമാറ്റം കൊണ്ടുവരാനാണ് ശ്രമം.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലും സംസ്ഥാന സമ്മേളന വേദിയായ എറണാകുളത്തും ഉള്‍പ്പെടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നേരത്തെയാരംഭിച്ചെങ്കിലും സംസ്ഥാനമൊട്ടാകെ ഇന്നുമുതലാണ് ഔദ്യോഗികത്തുടക്കം. 35175 ബ്രാഞ്ചു സമ്മേളനങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുതെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പില്‍ സിപിഐഎം നിര്‍ദേശിക്കുന്നു.