BREAKING NEWSNATIONAL

സിപിഐയുടെ ‘തീപ്പൊരി’ കോണ്‍ഗ്രസിലെത്തുമ്പോള്‍

ന്യൂഡല്‍ഹി: തന്നെ ദേശീയമുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ രൂപപ്പെട്ട ആഭ്യന്തര സംഘര്‍ഷമാണു സിപിഐ വിട്ടു കോണ്‍ഗ്രസില്‍ ചേരാന്‍ കനയ്യകുമാറിനെ പ്രേരിപ്പിച്ചതെന്നു സൂചന. തീപ്പൊരി പ്രസംഗവുമായി രാജ്യത്താകെ, പ്രത്യേകിച്ചും ഹിന്ദി ഹൃദയഭൂമിയില്‍, ജനകീയനായ കനയ്യയോടു സിപിഐയില്‍ ഒരു വിഭാഗത്തിനു വലിയ താല്‍പര്യമില്ലായിരുന്നു. പൊതുയോഗങ്ങളില്‍ ‘ക്രൗഡ്പുള്ളര്‍’ ആയി കനയ്യ മാറുന്നതില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും നീരസമുണ്ട്.
പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യമുള്ള പദവി കനയ്യ ആഗ്രഹിച്ചിരുന്നു. ബിഹാറിനു പുറത്തേക്കു കനയ്യയെ വിന്യസിക്കണമെന്നു ചില ദേശീയ നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍, വ്യക്തിയല്ല, പാര്‍ട്ടിയും പ്രത്യയശാസ്ത്രവുമാണു വലുതെന്ന നിലപാടായിരുന്നു മറുവിഭാഗത്തിന്. വ്യക്തിപൂജ വേണ്ടെന്നും നേതാക്കള്‍ വാദിച്ചു. ‘വ്യക്തികളേക്കാള്‍, രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനുമാണു സിപിഐ ഊന്നല്‍ നല്‍കുന്നത്. കനയ്യ പോകുന്നതു താല്‍ക്കാലിക തിരിച്ചടി മാത്രമാണ്, നീണ്ടുനില്‍ക്കില്ല’– മുതിര്‍ന്ന നേതാവ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കനയ്യ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും അവസരവാദ രാഷ്ട്രീയമുള്ളതിനാലാണു സിപിഐ വിടുന്നതെന്നുമാണു മറ്റൊരു നേതാവ് പറഞ്ഞത്. കനയ്യയെ ഫോണില്‍ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരിക്കുന്നില്ലെന്നാണു സിപിഐ നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഓഫിസിലെ മുറിയില്‍നിന്ന് കനയ്യ എസി ഊരി കൊണ്ടുപോയതും വാര്‍ത്തയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker