BREAKING NEWSKERALA

സിപിഐ- കേരള കോണ്‍ഗ്രസ് അടിമുറുകുന്നു; ജോസ് വിഭാഗം പരാതിയുമായി സിപിഎമ്മിനെ സമീപിക്കും

തിരുവനന്തപുരം: കെട്ടുറപ്പുള്ള മുന്നണിയെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തിന് വെല്ലുവിളിയായി സിപിഐ -കേരളാ കോണ്‍ഗ്രസ് എം ഭിന്നത. കേരളാ കോണ്‍ഗ്രസിനെ അംഗീകരിക്കാത്ത സിപിഐ സമീപനമാണ് പ്രശ്‌ന കാരണം. ഇതു വരെ സിപിഐ യെ വിമര്‍ശിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറായിരുന്നില്ല. എന്നാല്‍ ജോസ് കെ മാണിക്ക് ജനകീയത ഇല്ലെന്ന തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോടെ കേരളാ കോണ്‍ഗ്രസും മൗനം വെടിയുകയാണ്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടം മുതല്‍ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ പിന്നീട് സിപിഎം നിലപാടില്‍ ഉറച്ചു നിന്നതോടെ സി പി ഐ വഴങ്ങി. കേരളാ കോണ്‍ഗ്രസ് എം വന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് സിപിഐ എതിര്‍പ്പിന് കാരണമെന്ന വിമര്‍ശനമുയര്‍ന്നു. നിയമസഭയിലെ രണ്ടു പാര്‍ട്ടികളുടേയും പ്രാതിനിധ്യം താരതമ്യം ചെയ്തായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. കേരളാ കോണ്‍കോണ്‍ഗ്രസിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് കാനം പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍ കേരളകോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തതോടെയാണ് കേരളാ കോണ്‍ഗ്രസിനെതിരേ സിപിഐ വീണ്ടും രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന്റെ വരവ് മുന്നണി ഉണ്ടാക്കിയതിനെക്കാള്‍ ഗുണം ആ പാര്‍ട്ടിക്ക് ലഭിച്ചുവെന്നാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട്. പാലായിലെ പരാജയകാരണം ജോസ് കെ മാണി ജനകീയനല്ലെന്നു കൂടി പറഞ്ഞതോടെ തിരിച്ചടിക്കാന്‍ കേരളാ കോണ്‍ഗ്രസും നിര്‍ബന്ധിതമായി.
കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള അകലമാണ് സിപിഐ ഇപ്പോഴും കാട്ടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുറന്നടിച്ചു. ഹൈപവര്‍ കമ്മറ്റി യോഗത്തിലും സിപിഐയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സി പി ഐ യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ബാലിശമാണ്. റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ തള്ളിപ്പറയാന്‍ സി പി ഐ നേതൃത്വം തയാറാകണം. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനോട് ഉള്ള അകലം ഇപ്പോള്‍ തുടങ്ങിയതല്ല. അതൊക്കെ കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണിയില്‍ ഉള്ളപ്പോള്‍ തന്നെ ഉണ്ടായതാണ്.
ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്ന് മുതിര്‍ന്ന നേതാക്കളെ ഉന്നംവെച്ച് കേരള കോണ്‍ഗ്രസ് പറയുന്നു. മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സിപിഐ തോറ്റത് ജനകീയ അടിത്തറ ഇല്ലാത്തതുകൊണ്ടാണോ?. ജോസ് കെ മാണിക്ക് ജനകീയാടിത്തറ ഇല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഭൂരിപക്ഷം ഇരട്ടിച്ചത്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്നത് പാപ്പരത്തമാണ്.കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സിപിഐയുടെ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയപ്പോള്‍ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭയമാണ് സിപിഐക്ക് ഉള്ളതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐയുടെ സമീപനത്തോടുള്ള പ്രതിഷേധം കേരള കോണ്‍ഗ്രസ് എം സി പി എം നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി തുടര്‍ഭരണത്തില്‍ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎമ്മിനു വെല്ലു വിളിയായി മാറുകയാണ് സിപിഐ കേരളാ കോണ്‍ഗ്രസ് പോര്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker