BREAKING NEWSKERALALATEST

സിപിഐ പറയുന്നു… ഞങ്ങള്‍ക്ക് നാല് മന്ത്രിമാര്‍ വേണം; 18 ന് യോഗം ചേര്‍ന്ന് അന്തിമ തീരുമാനം

തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ച്ച വേണമെന്ന് സിപിഐയോട് സിപിഎം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍, മുന്നണി രൂപീകരണം മുതല്‍ തങ്ങള്‍ക്ക് നാല് മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെന്നും, 1987ല്‍ സിപിഎമ്മിന് ഏഴ് മന്ത്രിസ്ഥാനങ്ങളുണ്ടായിരുന്നത് 13 വരെ എത്തിയെന്നും സിപിഐ ചൂണ്ടിക്കാട്ടി. പുതുതായി വന്ന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും മന്ത്രിപദം നല്‍കേണ്ടി വരുമെന്നതിനാലാണ് സിപിഐ മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്.
നിലവിലെ മന്ത്രിസഭയില്‍ സി.പി.എമ്മിന് 13ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണ്. സി.പി.എമ്മിന് തുടക്കത്തില്‍ 12 മന്ത്രിമാരായിരുന്നെങ്കിലും ഇ.പി. ജയരാജനെ രണ്ടാമതും ഉള്‍പ്പെടുത്തിയപ്പോള്‍ 13 ആയി. ആ ഘട്ടത്തിലാണ് സി.പി.ഐക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചത്. സിപിഎമ്മിനെയും സിപിഐയേയും കൂടാതെ കേരള കോണ്‍ഗ്രസിനും എന്‍സിപിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും, കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍, ഇതോടെ 20 എന്ന സംഖ്യയിലേക്കെത്തും. ഓരോ എംഎല്‍എമാരുള്ള അ!ഞ്ച് പാര്‍ട്ടികളാണ് മുന്നണിയിലുള്ളത്.
കുന്നത്തൂരില്‍ നിന്ന് ആര്‍എസ്പി എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ ജയിച്ചെത്തി. കടന്നപ്പള്ളി കണ്ണൂരില്‍നിന്നു സഭയില്‍ എത്തിയപ്പോള്‍ പത്തനാപുരത്ത് ഗണേശ് കുമാര്‍ വീണ്ടും ജയിച്ചുകയറി. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു അപ്രതീക്ഷിത വിജയം നേടി. കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്ലിന്റെ ഏക പ്രതിനിധിയായി. മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയ ലോക്താന്ത്രിക് ജനതാദളില്‍നിന്ന് കൂത്തുപറമ്പിലെ കെപി മോഹനന്‍ മാത്രമാണ് ജയിച്ചത്. ഇവരില്‍ പലരും മന്ത്രിപദം ചോദിച്ച് രംഗത്തെത്തി.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും യോഗം ചേര്‍ന്നാണ് പാര്‍ട്ടിയുടെ മന്ത്രിമാരെ തീരുമാനിക്കുക. അതിന് മുമ്പ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. ഈ മാസം 18നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും യോഗം ചേരുന്നത്. സംസ്ഥാന എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലും കൗണ്‍സില്‍ ഓണ്‍ലൈനായുമാണ് ചേരുക. എക്‌സിക്യൂട്ടീവ് മന്ത്രിമാരെ തീരുമാനിക്കുകയും അതിന് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങുകയുമാണ് പാര്‍ട്ടി രീതി. അതുകൊണ്ടു തന്നെ ആരൊക്കെയാണ് പാര്‍ട്ടിയുടെ മന്ത്രിമാര്‍ എന്നറിയാന്‍ 18 വരെ കാത്തിരിക്കേണ്ടി വരും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker