BREAKING NEWSKERALALATEST

സിപിഐ പറയുന്നു… ഞങ്ങള്‍ക്ക് നാല് മന്ത്രിമാര്‍ വേണം, സിപിഎം ഒരു മന്ത്രിയെ കുറച്ചാല്‍ ചീഫ് വിപ്പ് സ്ഥാനം ഞങ്ങളും വിട്ടുനല്‍കാം

തിരുവനന്തപുരം: മന്ത്രിസഭയില്‍ നാലുസ്ഥാനത്തില്‍ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സി.പി.ഐ. നേതൃതലത്തില്‍ ധാരണ. സി.പി.എമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചര്‍ച്ചയില്‍ ഈ നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക. സി.പി.എം. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കില്‍ ചിഫ്‌വിപ്പ് സ്ഥാനം സി.പി.ഐ. വിട്ടുനല്‍കും. നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ്‌വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ.ക്കുണ്ടായിരുന്നത്.
മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച വ്യാഴാഴ്ച തുടങ്ങും. സി.പി.ഐ.യുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചര്‍ച്ചയിലെ ധാരണയാണ് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് പരിശോധിക്കുക.
ഒന്നാംപിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തില്‍ സി.പി.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും. ഇ.പി. ജയരാജന്‍ രാജിവെച്ചപ്പോള്‍ പകരം എം.എം. മണി മന്ത്രിയായി. മണിയെ നിലനിര്‍ത്തികൊണ്ട് ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സി.പി.എം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സി.പി.ഐ.യ്ക്ക് നല്‍കിയ സ്ഥാനമാണ് ചീഫ്‌വിപ്പ്.
പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ്എമ്മിനും മറ്റ് ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കാനാണ് സി.പി.എമ്മും സി.പി.ഐയും മന്ത്രിസ്ഥാനം കുറയ്ക്കണമെന്ന നിര്‍ദേശം ഉയരുന്നത്. സി.പി.എം. കുറയ്ക്കുന്ന മന്ത്രിമാരുടെ എണ്ണത്തിന് ആനുപാതികമായ വിട്ടുവീഴ്ച നടത്തിയാല്‍ മതിയെന്നാണ് സി.പി.ഐ. നേതാക്കള്‍ പറയുന്നത്. സി.പി.എം. മന്ത്രിമാര്‍ 12 ആക്കിയാല്‍, സി.പി.ഐ. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കിയാല്‍ മതിയാകും. നാല് മന്ത്രിമാരില്‍നിന്ന് കുറവുവരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സി.പി.ഐ. നിലപാട്.
വകുപ്പുകളില്‍ ചില മാറ്റങ്ങളുണ്ടായേക്കുമെന്ന് സി.പി.ഐയും പ്രതീക്ഷിക്കുന്നുണ്ട്. റവന്യൂ ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല. കൃഷിവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എം. നേതാക്കള്‍ക്കുണ്ട്. ഉഭയകകക്ഷി ചര്‍ച്ചകളിലുണ്ടാകുന്ന ധാരണയ്ക്കനുസരിച്ചേ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകു. കേരളകോണ്‍ഗ്രസിന് ഏതൊക്കെ വകുപ്പുകള്‍ നല്‍കുമെന്നത് അനുസരിച്ചായിരിക്കും ഓരോ കക്ഷിയും ഇപ്പോള്‍ കൈവശംവെക്കുന്ന വകുപ്പുകളിലുണ്ടാകുന്ന മാറ്റം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker