KERALALATEST

സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നടപടി. മാറാന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.
സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നല്‍കിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയര്‍ന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വില്‍പ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുര്‍ബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിര്‍ത്ത് കര്‍ദ്ദിനാള്‍ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.
കര്‍ദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാന്‍ തഴഞ്ഞിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ ബിഷപ്പിന്റെ നടപടി വത്തിക്കാന്‍ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതര്‍ക്ക് ശക്തി പകരുന്നതെന്ന് കര്‍ദ്ദിനാളിനെ പിന്തുണയ്ക്കുന്നവര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റി.
ചേര്‍ത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker