HEALTHBREAKING NEWSWORLD

സിലിക്കണ്‍ വേണ്ട, സങ്കീര്‍ണതകളും കുറവ്; സ്തനസൗന്ദര്യത്തിന് പുതിയ മാര്‍ഗം

ന്യൂയോര്‍ക്ക്: സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാനും കാന്‍സര്‍ ചികിത്സയ്ക്കു ശേഷം സ്തനങ്ങളുടെ വലുപ്പം വ!ര്‍ധിപ്പിക്കാനുമായി നിലവില്‍ സിലിക്കണ്‍ ഇംപ്ലാന്റുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ശരീരത്തിനകത്ത് ഒരു കൃത്രിമവസ്തു ഘടിപ്പിച്ചതിന്റെ എല്ലാ വിഷമതകളുമായാണ് ഇതിനു ശേഷം ആളുകള്‍ നടക്കുക. തണുത്ത കാലാവസ്ഥയില്‍ നെഞ്ചിനുള്ളില്‍ ഒരു ഐസ് പാക്ക് വെച്ചതു പോലെ എന്നാണ് സിലിക്കണ്‍ ഇംപ്ലാന്റ് ഘടിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങള്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചില സ്റ്റാര്‍ട്ടപ്പുകള്‍. ത്രിഡി പ്രിന്റിങ് ഉപയോഗിച്ചു നിര്‍മിക്കുന്ന ഇംപ്ലാന്റ് ആണ് ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുക. ഈ ഇംപ്ലാന്റിനുള്ളില്‍ കൊഴുപ്പുകലകള്‍ വളരാന്‍ തക്കവിധമാണ് ഇവയുടെ രൂപകല്‍പന. ഒന്‍പതു മാസം സമയമെടുത്ത് ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഇംപ്ലാന്റ് ഘടിപ്പിച്ച സ്തനം സാധാരണ സ്തനം പോലെയായി മാറുമെന്നാണ് കണക്കുകൂട്ടല്‍.
ശരീരത്തിനകത്തെ തണുപ്പ് ഒഴിവാക്കാം എന്നതിനു പുറമെ സാധാരണയായി സ്തന പുനര്‍നിര്‍മാണ ശസ്ത്രക്രിയയില്‍ ഉണ്ടാകുന്ന എല്ലാ സങ്കീര്‍ണതകളും ഒഴിവാക്കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ഗവേഷകരുടെ അവകാശവാദം. പുതിയ ഉത്പന്നത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണം എന്ന നിലയ്ക്ക് ഈ വരുന്ന ജൂലൈ 11ന് യുഎസിലെ ജോര്‍ജിയയില്‍ ആദ്യ ശസ്ത്രക്രിയ നടക്കുമെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനുള്‌ലില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുമെന്ന് മറ്റൊരു സ്റ്റാര്‍ട്ടപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം 20 ലക്ഷം പേരെങ്കിലും സ്തനാര്‍ബുദ ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു സ്തനമെങ്കിലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ 30 ശതമാനം പേര്‍ മാത്രമാണ് സിലിക്കണ്‍ ഉപയോഗിച്ചുള്ള സ്തനപുനര്‍നിര്‍മാണം നടത്തുന്നത്. സിലിക്കണ്‍ ഉപയോഗിച്ചുള്ള ഇംപ്ലാന്റുകള്‍ക്ക് പകരം 3ഡി പ്രിന്റിങ് കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗമാണെന്നാണ് ഈ രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ത്രിഡി പ്രിന്ററില്‍ സൃഷ്ടിച്ചെടുത്ത ഇംപ്ലാന്റുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ അതിനുള്ളില്‍ പുതുതായി കോശങ്ങള്‍ രൂപപ്പെടുമെന്നും അതിനു ശേഷം ഇംപ്ലാന്റ് തനിയെ ഇല്ലാതായി പോകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തരം ഇംപ്ലാന്റ് പൂര്‍ണമായും അലിഞ്ഞു പോകുന്നതാണെന്ന് ലാറ്റിസ് മെഡിക്കല്‍ സ്റ്റാര്‍ട്ടപ്പ് സിഇഓ ജൂലിയന്‍ പായെന്‍ പറയുന്നു. 18 മാസം കൊണ്ട് ഇംപ്ലന്റ് ശരീരത്തിനുള്ളില്‍ തന്നെ വെച്ച് അലിഞ്ഞു പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുകയിലയില്‍ നിന്ന് നിര്‍മിച്ച കൊളാജെന്‍ ഉപയോഗിച്ചാണ് ഹീല്‍ഷേപ്പ് എന്ന സ്റ്റാര്‍ട്ടപ്പ് ഇത്തരം ഇംപ്ലാന്റുകള്‍ നിര്‍മിക്കുന്നത്. ചുറ്റും മനുഷ്യശരീരത്തിലെ കൊളാജെന്‍ വളരാന്‍ പ്രേരിപ്പിക്കുന്നതു പോലെയാണ് ഇതിന്റെ നിര്‍മാണം.
സിലിക്കണ്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതുമായി താരതമ്യം ചെയ്താല്‍ പുതിയ ത്രിഡി ഇംപ്ലാന്റ് എന്തുകൊണ്ടും മികച്ച മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. ശസ്ത്രക്രിയയുടെ ദൈര്‍ഘ്യം കുറയ്ക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പുതിയ മാര്‍ഗം സഹായിക്കും. അതേസമയം, സ്തന ഇംപ്ലാന്റുകളുടെ ഉയര്‍ന്ന വില അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പുതിയ കണ്ടെത്തല്‍ എത്ര പേര്‍ക്ക് ഉപകാരപ്പെടും എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ആശങ്കയുണ്ട്.
നിലവില്‍ സിലിക്കണ്‍ ഇംപ്ലാന്റുകളും ഫ്‌ലാപ് സര്‍ജറിയുമാണ് സ്തന പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സിലിക്കണ്‍ ഇംപ്ലാന്റുകളെ അപേക്ഷിച്ച് സങ്കീര്‍ണമാണെങ്കിലും ഫ്‌ലാപ് സര്‍ജറിയാണ് സാധാരണയായി സ്തനം നീക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. വയറില്‍ നിന്നോ തുടയില്‍ നിന്നോ ശേഖരിക്കുന്ന മാംസഭാഗം ഉപയോഗിച്ചാണ് സ്തനത്തിന്റെ ആകൃതി വീണ്ടെടുക്കുന്നത്. സിലിക്കണ്‍ ഇംപ്ലാന്റിന് 10 വര്‍ഷം മാത്രം കാലാവധിയുള്ളപ്പോള്‍ ഫ്‌ലാപ് സര്‍ജറിയ്ക്ക് ശരീരത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും.
എന്നാല്‍ ശരീരത്തില്‍ മറ്റെവിടെ നിന്നെങ്കിലും ഫ്‌ലാപ് ശേഖരിക്കാന്‍ കഴിയാത്തവരും വിസമ്മതിക്കുന്നവരുമായ രോഗികള്‍ക്ക് സിലിക്കണ്‍ തന്നെയാണ് ആശ്രയം. എന്നാല്‍ ഈ ഇംപ്ലാന്റ് നഷ്ടപ്പെടാന്‍ 10 ശതമാനം സാധ്യതയുണ്ടെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ബ്രിസ്റ്റോള്‍ ബ്രെസ്റ്റ് കെയര്‍ സെന്ററിലെ ഓങ്കോപ്ലാസ്റ്റിക് സര്‍ജനായ ഷെല്ലി പോട്ടര്‍ പറയുന്നു. കൂടാതെ സിലിക്കണ്‍ ഇംപ്ലാന്റുകളുടെ ഗുണനിലവാരവും ചില ഉത്പന്നങ്ങള്‍ ഘടിപ്പിച്ചവരില്‍ രക്താര്‍ബുദത്തിനുള്ള സാധ്യതയും മുന്‍പും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker